Home covid19 കൊവിഡ് നാലാം തരംഗം ആ​ഗസ്തില്‍ വന്നേക്കാം: കര്‍ണാടക ആരോഗ്യമന്ത്രി

കൊവിഡ് നാലാം തരംഗം ആ​ഗസ്തില്‍ വന്നേക്കാം: കര്‍ണാടക ആരോഗ്യമന്ത്രി

ബം​ഗളൂരു: ആ​ഗസ്തില്‍ ഇന്ത്യ കൊവിഡ് മഹാമാരിയുടെ നാലാമത്തെ തരംഗത്തിന് സാക്ഷ്യം വഹിക്കാന്‍ സാധ്യതയുണ്ടെന്ന് കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിനോട് പറഞ്ഞു.കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി തയ്യാറാക്കിയ ഗണിതശാസ്ത്ര മാതൃക ആ​ഗസ്തില്‍ നാലാമത്തെ തരംഗം പ്രവചിച്ചതായി പിന്നീട് സുധാകര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

“കഴിഞ്ഞ മൂന്ന് തരംഗങ്ങളുടെ അനുഭവം ഉള്ളതിനാല്‍ ഏത് സാഹചര്യത്തെയും നേരിടാന്‍ ഞങ്ങള്‍ സജ്ജരാണ്. ഞങ്ങളുടെ ആരോഗ്യ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുന്നു. വാക്സിനേഷന്‍ ദൗത്യം അഭൂതപൂര്‍വമാണ്. 12 വയസ്സിനു മുകളിലുള്ളവര്‍ പോലും ഇപ്പോള്‍ കുത്തിവയ്പ് എടുക്കുന്നുണ്ട്. ബിഎ.2 എന്ന വേരിയന്റ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഫിലിപ്പീന്‍സിലാണ്, ഇപ്പോള്‍ ഇത് 40 രാജ്യങ്ങളിലേക്ക് വ്യാപിച്ചു,” അദ്ദേഹം പറഞ്ഞു.”കൊവിഡ് പോയി എന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുന്നത് വരെ കൊവിഡ് കാലത്തിന് അനുയോജ്യമായ പെരുമാറ്റം നിലനിര്‍ത്തണം. നിലവിലെ സാഹചര്യം മനസിലാക്കാന്‍ ഞങ്ങള്‍ സാങ്കേതിക ഉപദേശക സമിതിയുമായി ഒരു യോഗം നടത്തും,” മന്ത്രി പറഞ്ഞു.

അതേസമയം, ജൂലൈ-ആ​ഗസ്ത് മാസങ്ങളില്‍ പ്രവചിച്ച തരംഗത്തിന്റെ വ്യാപ്തി അറിവായിട്ടില്ലെന്ന് ക്ലിനിക്കല്‍ വിദഗ്ധ സമിതി അംഗം ഡോ സിഎന്‍ മഞ്ജുനാഥ് പറഞ്ഞു.”നമ്മള്‍ ജാഗ്രത പാലിക്കുകയും ഉചിതമായ സമയത്ത് അന്താരാഷ്ട്ര യാത്രക്കാരുടെ നിരീക്ഷണം ശക്തമാക്കുകയും വേണം. ആദ്യത്തെ മൂന്ന് തരംഗങ്ങളില്‍ നമ്മള്‍ പാഠങ്ങള്‍ പഠിച്ചു, നാലാമത്തെ തരംഗത്തെ നേരിടാന്‍ നമ്മള്‍ നന്നായി തയ്യാറാണ്. 90 ശതമാനം ആളുകളും വാക്സിനേഷന്‍ എടുത്തിട്ടുണ്ടെങ്കിലും, ഒരാള്‍ ജാഗ്രത പാലിക്കണം. വീടിനുള്ളില്‍ നിരീക്ഷണവും ജാഗ്രതയും പാലിക്കണമെന്നാണ് വിദഗ്ധ സമിതിയുടെ നിര്‍ദേശം. പുതിയ വകഭേദങ്ങള്‍ കണ്ടെത്തുന്നതിന് ജീനോം സീക്വന്‍സിങ് അനിവാര്യമാണ്,” അദ്ദേഹം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group