ബെംഗളൂരു: നഗരത്തിലെ സൂര്യകാന്തി എണ്ണയുടെ വില ക്രമാതീതമായി കുതിച്ചുയർന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ലിറ്ററിന് 130 രൂപയിൽ നിന്ന് 170 രൂപയായിട്ടാണ് വില ഉയർന്നിരിക്കുന്നത്. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെത്തുടർന്ന് വിതരണ ശൃംഖല തടസ്സപ്പെട്ടതായും അതുമൂലം വിലക്കയറ്റത്തിന് കാരണമായെന്നുമാണ് വ്യാപാരികൾ പറയുന്നത്. കൂടാതെ യുദ്ധം ഇനിയും രൂക്ഷമാകുകയാണെങ്കിൽ വരും ദിവസങ്ങളിലും വില ഉയരുമെന്നും അവർ മുന്നറിയിപ്പ് നൽകി. സൂര്യകാന്തി എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒന്നാണ് സംസ്ഥാനം. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കണക്കനുസരിച്ച്, കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന് കീഴിൽ, സൂര്യകാന്തി എണ്ണ എല്ലാ ഭക്ഷ്യ എണ്ണ ഇറക്കുമതിയുടെ 15% ആണ് വരുന്നത്. അതാവട്ടെ പ്രധാനമായും യുക്രെയ്നിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. കർണാടക പ്രതിമാസം 25,000-30,000 ടൺ സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നുണ്ടെന്നും എന്നാൽ നിലവിൽ വിതരണത്തിലെ കുറവ് വിലക്കയറ്റത്തിന് കാരണമായതായും ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ മൊത്തവില ലിറ്ററിന് 40 രൂപ കുതിച്ചുയർന്നുവെങ്കിലും, ഇത് ഇതുവരെ ചില്ലറ വിൽപന സ്കെയിലുകളിൽ പൂർണ്ണമായും പ്രതിഫലിച്ചിട്ടില്ലന്നാണ് യലഹങ്കയിലെ കൃഷ്ണം ഓയിൽ ട്രേഡേഴ്സിലെ കൃഷ്ണം ശശിധർ പറഞ്ഞത്.