ബെംഗളൂരു :ഒടുവിൽ ഔദ്യോഗിക സ്ഥിരീകരണമായി; ജനതാ ദൾ എംഎൽഎമാരായ ജി.ടി.ദേവെഗൗഡയും (ചാമരാജനഗർ) ഗുബ്ബി ശ്രീനിവാസും (ഗുബ്ബി) കോൺഗ്രസിൽ ചേരുന്നതായി പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ അറിയിച്ചു.
മാസങ്ങളായി ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും പാർട്ടി വിടരുതെന്നു ദൾ ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡ നേരിട്ടു ചാമരാജനഗർ എംഎൽഎയോട് ആവശ്യപ്പെട്ടിരുന്നതിനാൽ അവസാന നിമിഷം തീരുമാനം മാറുമോ എന്ന സംശയം രാഷ്ട്രീയ നിരീക്ഷകർ പ്രകടിപ്പിച്ചിരുന്നു. 2018ൽ ചാമരാജനഗറിൽ സിദ്ധരാമയ്യയെ 30,000 വോട്ടുകൾക്കു നിലംപരിശാക്കി ജയം സ്വന്തമാക്കിയതാണു ജി.ടി.ദേവ ഗൗഡ, മൈസൂരു ജില്ലയിൽ തന്നെ മറികടന്ന് കെ.ആർ.നഗർ എംഎൽഎ എസ്.ആർ.മഹേഷിനെ ഉയർത്തിക്കൊണ്ടു വരുന്നതിലെ നീരസം ദൾ നേതൃത്വത്തെ അറിയിച്ചതിനു ശേഷമാണു ഗൗഡ പാർട്ടി വിടുന്നത്.
അടുത്ത തിരഞ്ഞെടുപ്പിൽ ഗൗഡയ്ക്കു പുറമേ മകൻ ഹരീഷ് ഗൗഡയും കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുമെന്നാണു സൂചന. 4 വട്ടം ദൾ എംഎൽഎയായ ശ്രീനിവാസ് എച്ച്.ഡി. കുമാരസ്വാമിയോടു പിണങ്ങിയാണു കോൺഗ്രസുമായി കൈകോർക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പു നൽകി സിദ്ധരാമയ്യയാണു ശ്രീനിവാസിനെ കോൺഗ്രസിലേക്കു ക്ഷണിച്ചത്.