ബെംഗളൂരു: ഹിജാബ് വിവാദത്തിനിടെ കര്‍ണാടകയില്‍ തിലകക്കുറി വിവാദം. നെറ്റിയില്‍ കുറി തൊട്ടുവന്ന വിദ്യാര്‍ഥിയെ അധികൃതര്‍ സ്‌കൂളില്‍ കയറ്റിയില്ല. മതപരമായ ചിഹ്നങ്ങള്‍ ധരിച്ച് സ്‌കൂളില്‍ പ്രവേശിക്കരുത് എന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ നടപടി.. എന്നാല്‍ ഇത് വലിയ പ്രതിഷേധത്തിന് കാരണമായി. വിജയപുരയിലെ ഇന്‍ഡി കോളജിലാണ് സംഭവം. വിദ്യാര്‍ഥിയെ കവാടത്തില്‍ തന്നെ അധ്യാപകര്‍ തടയുകയായിരുന്നു. ആചാരത്തിന്റെ ഭാഗമായുള്ള കുറി തൊടല്‍ അനുവദിക്കില്ലെന്ന് അധ്യാപകര്‍ പറഞ്ഞു. സമാധാന സാഹചര്യത്തിന് ഭംഗം വന്നേക്കുമെന്നായിരുന്നു അധ്യാപകരുടെ നിലപാട്.
വിദ്യാര്‍ഥികള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നു. ഹിജാബിനും കാവി ഷാളിനുമാണ് നിരോധനമുള്ളതെന്നും പൊട്ടുതൊടുന്നതിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. അധ്യാപകരുമായി അവര്‍ ഏറെ നേരം കലഹിച്ചു. എന്നാല്‍ കുറി മായ്ച്ചാല്‍ മാത്രമേ ക്ലാസില്‍ കയറാന്‍ അനുവദിക്കൂ എന്ന് അധ്യാപകര്‍ പറഞ്ഞു. ഇതോടെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ചു. വൈകാതെ പ്രതിഷേധവുമായി ബജറംഗ്ദള്‍ പ്രവര്‍ത്തകരെത്തി. അധ്യാപകരുമായി അവരും കലഹിച്ചു.
അതേസമയം, ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതി അന്തിമ വിധി പ്രഖ്യാപിച്ചിട്ടില്ല. ഹൈക്കോടതി വിധി വൈകുന്ന ഓരോ ദിവസവും സംസ്ഥാനത്തെ സാഹചര്യം വഷളായി വരികയാണ്. ഓരോ ദിവസവും പുതിയ വിവാദങ്ങള്‍ ഉടലെടുക്കുകയാണ്. ഹിജാബും കാവി ഷാളുമാണ് ആദ്യം വിവാദത്തിലായതെങ്കില്‍ ഇപ്പോള്‍ പൊട്ടു തൊടുന്ന വിഷയത്തിലേക്കും എത്തിയിരിക്കുന്നു.
ഹിജാബ് നിരുപദ്രവകരമായ മത ആചാരമാണെന്ന് ഹര്‍ജിക്കാരായ വിദ്യാര്‍ഥിനികള്‍ കോടതിയില്‍ പറഞ്ഞു. കുറി തൊടുന്ന പോലെ, വളകള്‍ അണിയുന്ന പോലെ, ടര്‍ബണും രുദ്രാക്ഷവും ധരിക്കുന്ന പേലെയുള്ള ആര്‍ക്കും പ്രയാസമുണ്ടാക്കാത്ത ഒരു മത രീതി വിവാദമുണ്ടാക്കാന്‍ വേണ്ടി മാത്രമാണ് നിരോധിച്ചിരിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ വാദിച്ചു. അതേസമയം, ഹിജാബ് മുസ്ലിം മത ആചാരത്തിന്റെ ഭാഗമായി നിര്‍ബന്ധമുള്ളതല്ലെന്നും ഹിജാബ് ധരിക്കാത്ത ഒട്ടേറെ പേരുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി ഹര്‍ജിയില്‍ വിധി പ്രസ്താവിച്ചില്ല. ഇനി തിങ്കളാഴ്ചയും കോടതി ഹര്‍ജി പരിഗണിക്കും.
ഹിജാബ് ധരിച്ച് വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തുന്നതും അവരെ മടക്കി അയക്കുന്നതുമായ സംഭവം കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ണാടകയിലെ വിവിധ സ്‌കൂളുകളിലും കോളജുകളിലുമുണ്ടായിരുന്നു. മംഗലാപുരത്ത് ഒരു സ്‌കൂള്‍ അനിശ്ചിത കാലത്തേക്ക് അടയ്ക്കുകയും ചെയ്തു. അതേസമയം, ചില കോളജുകളില്‍ വിദ്യാര്‍ഥിനികള്‍ ഹിജാബ് അഴിക്കുകയും ക്ലാസില്‍ കയറുകയും ചെയ്തു. ഹിജാബ് നിരോധിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ഉഡുപ്പിയിലെ വിദ്യാര്‍ഥിനികളാണ് ഹൈക്കോടതിയെ സമീപിച്ചത്.