ബെംഗളൂരു വീടു കളിൽ കോവിഡ് പരിശോധിക്കാവുന്ന ഹോം ടെസ്റ്റിങ് കിറ്റുകളുടെ വിൽപന നിരീക്ഷിക്കാൻ സർക്കാർ. കോവിഡ് ബാധിതരുടെ യഥാർഥ കണക്കെടുപ്പിന് ഇത്തരം കിറ്റുകൾ തടസ്സമാകുന്നതിനെ തുടർന്നാണിത്.
കിറ്റുകൾ ഉപയോഗിച്ചുള്ള റാപ്പിഡ് ആന്റിജൻ പരിശോധനയിലൂടെ സ്വയം കോവിഡ് സ്ഥിരീകരിക്കുന്നവർ അധികൃതരെ വിവരം അറിയിക്കുന്നില്ല. ഇതിനെതുടർന്നാണു സംസ്ഥാനത്ത് വിൽ കിറ്റുകളുടെ കണക്കെടുക്കാൻ ഡ്രഗ്സ് കൺട്രോളർ രംഗത്തു വന്നത്. എത്ര കിറ്റുകൾ കമ്പനികൾ വിതരണം ചെയ്തു. ഫാർമസികളിൽ നിന്ന് ഇതു വാങ്ങുന്നവരുടെ വ്യക്തിപരമായ വിവരങ്ങൾ തുടങ്ങിയവയാണു പ്രതിദിനം ശേഖരിക്കുന്നത്. ഒമികോൺ ഭീതി പരന്നതോടെ ഈ കിറ്റുകളുടെ വിൽപന കുത്തനെ ഉയർന്നിരിക്കുകയാണ്.
കോവിഡ് സംബന്ധിച്ചു തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നു ഡോക്ടർമാർക്ക് സർക്കാർ നിർദേശം നൽകി. മാധ്യമങ്ങളിലൂടെയും മറ്റും ഒട്ടേറെ പരസ്പരവിരുദ്ധമായ കാര്യങ്ങൾ ചിലർ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണു ഡോക്ടർമാർ നോട്ടിസ് നൽകിയതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇത്തരം വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെ ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.