
അങ്കമാലി: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഫ്ലിപ്കാര്‍ട്ട് വഴി മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത ഹോട്ടല്‍ ജീവനക്കാരന് ലഭിച്ചത് രണ്ട് ബാര്‍സോപ്പ്.13,000 രൂപയുടെ മൊബൈല്‍ ഫോണാണ് ഓര്‍ഡര്‍ ചെയ്തത്. ലഭിച്ചത് 10 രൂപയുടെ രണ്ട് ബാര്‍സോപ്പ്.അങ്കമാലി ടെല്‍ക്ക് കവലയിലെ ബദരിയ ഹോട്ടലിലെ ജീവനക്കാരന് കൊല്ലം സ്വദേശി ശിഹാബാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ മാസം 28ന് ക്യാഷ് ഓണ്‍ ഡെലിവറിയായാണ് ശിഹാബ് ഫോണ്‍ ഓര്‍ഡര്‍ ചെയ്തത്.
പറഞ്ഞ തീയതിക്ക് ഫോണ്‍ ഹോട്ടലില്‍ എത്തുകയും പണം വാങ്ങി ഡെലിവറി ബോയി മടങ്ങുകയും ചെയ്തു. ഹോട്ടലില്‍ വെച്ച് തുറന്ന് നോക്കിയപ്പോഴാണ് തട്ടിപ്പിനിരയായകാര്യം മനസ്സിലായത് . ഓപ്പോ ഫോണ്‍ പായ്ക്കിനകത്ത് ‘വിം ഡിഷ് വാഷിന്റെ രണ്ട് ബാറുകളാണ് ലഭിച്ചത്. ഫോണിന് നല്കിയ ക്യാഷ് ബില്ലും പായ്ക്കില്‍ ഉണ്ടായിരുന്നു.
തട്ടിപ്പു മനസ്സിലായ ഉടനെ ഷോപ്പിങ് ഡെലിവറി ബോയിയെ ശിഹാബ് വിളിച്ചു വരുത്തുകയും പാക്ക് തുറക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കാണിച്ചു കൊടുത്തു. ഷോപ്പിങ് സൈറ്റിന്റെ കസ്റ്റമര്‍ കെയര്‍ നമ്ബറില്‍ ബന്ധപ്പെടാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. പരിഹാരമുണ്ടായില്ലെങ്കില്‍ പണം താന്‍ തിരിച്ചു നല്‍കാമെന്ന് വാക്ക് കൊടുത്ത് ഡെലിവറി ബോയി മടങ്ങി. കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടപ്പോള്‍ ആധാര്‍ കാര്‍ഡ് കോപ്പിയും പായ്ക്കിന്റെ ചിത്രവും അയച്ചു കൊടുക്കാനായിരുന്നു മറുപടി.
അയച്ചുകൊടുത്തെങ്കിലും വീണ്ടും ആധാര്‍ കാര്‍ഡും മറ്റ് രേഖകളും അയച്ചു കൊടുക്കാന്‍ നിരന്തരം ആവശ്യപ്പെട്ട് കൊണ്ടേയിരുന്നു. പലതവണ അയച്ചുകൊടുത്തിട്ടും പരിഹാരമുണ്ടാകാതെ വന്നപ്പോള്‍ കബളിപ്പിക്കുകയാണെന്ന് ശിഹാബിന് ബോധ്യപ്പെട്ടു. ഡെലിവറി ബോയിയുടെ ഫോണ്‍ അന്ന് മുതല്‍ സ്വിച്ച് ഓഫാണ്. ഇതോടെയാണ് അങ്കമാലി പൊലീസില്‍ പരാതി നല്‍കിയത്.