
ബെംഗളൂരു : ട്രാഫിക് സൂചന ബോർഡുകളുടെ അഭാവം നഗരവാസികളെ വട്ടം ചുറ്റിക്കുന്നു. കബ്ബൺ പാർക്ക് മിൻസ്ക് സ്ക്വയർ ജംക്ഷൻ സ്മാർട്ട് സിറ്റി പദ്ധതിയിൽ നവീകരിച്ചതോടെയാണ് നേരത്തേയുണ്ടായിരുന്ന സൂചന ബോർഡുകൾ അപ്രത്യക്ഷമായത്. കബ്ബൺ റോഡിൽ നിന്ന് മിൻസ്ക് സ്ക്വയറിലേക്ക് വരുന്ന വാഹനങ്ങൾ എച്ച്എഎൽ കോർപറേറ്റ് ഓഫിസിന് മുന്നിൽ യുടേൺ ചെയ്യുന്നത് ട്രാഫിക് പൊലീസ് നിരോധിച്ചിട്ടുണ്ട്. ഇതിന് പകരം ചെറുവാഹനങ്ങൾ കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷന് സമീപത്തെ സർവീസ് റോഡിലൂടെ വേണം ക്വീൻസ് റോഡിലേക്ക് പ്രവേശിക്കാൻ. നേരത്തെ ഇവിടെ വലതുവശത്തേക്ക് തിരിയണമെന്ന ബോർഡ് സ്ഥാപിച്ചിരുന്നെങ്കിലും റോഡ്നവീകരണത്തിന്റെ ഭാഗമായി ഇത് മാറ്റുകയായിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും ഇത് പുനഃസ്ഥാപിച്ചിട്ടില്ല. ഇതോടെ പലരും ജി പിഒ ജംക്ഷനിലെത്തി വലതുവശത്തേക്ക് തിരിഞ്ഞാണ് മറ്റുറോഡുകളിലേക്ക് പ്രവേശിക്കുന്നത്.
ഹെബ്ബാൾ മേൽപാല വികസനം ; നിർദേശങ്ങൾ സമർപ്പിക്കാം
ഹെബ്ബാൾ മേൽപാല വികസനവുമായി ബന്ധപ്പെട്ട് സമഗ്രപദ്ധതി ഒരുക്കാൻ പൊതുജനാഭിപ്രായം തേടി ബിഎംആർസി. 15 ദിവസത്തിനുള്ളിൽ അഭിപ്രായങ്ങളും നിർദേശങ്ങളും ഇമെയിലായി അയയ്ക്കണം. കൂടാതെ ബനശങ്കരി മെട്രോ സ്റ്റേഷനെയും ബിഎംടിസി ബസ് ടെർമിനലിനെയും ബന്ധിപ്പിച്ച് നിർമിക്കുന്ന കാൽ നട മേൽപാലത്തിന്റെ രൂപരേഖ ബിഎംആർസി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതായും ചീഫ് പി ആർഒ യശ്വന്ത് ചവാൻ അറിയിച്ചു. ഇ മെയിൽ chavan@bmrc.co.in
കുരുക്കഴിക്കാൻ 244 കോടി
ബെംഗളൂരു: വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി റോഡിൽ ഗതാഗതക്കുരുക്കിന് ദുഷ്പേരുള്ള ഹെബ്ബാൾ മേൽപാലത്തിന് വികസന പദ്ധതിയുമായി സർക്കാർ. 244 കോടിരൂപ ഇതിനായി വിനിയോഗിക്കും.നിലവിലെ മേൽപാലത്തിലെയ്ക്ക് പ്രവേശിക്കാൻ കൂടുതൽ ലൈനുകൾ സ്ഥാപിക്കും.നമ്മ മെട്രോ, സബെർബൻറെയിൽ ശൃംഖലകളെ ബന്ധിപ്പിച്ചുകൊണ്ട് മിഷൻ 2051 വികസനപദ്ധതിക്കാണ് രൂപം നൽകുന്നത്.പ്രതിദിനം 3.9 ലക്ഷം വാഹനങ്ങൾ ഹെബ്ബാൾ മേൽപാലത്തിലൂടെ കടന്നുപോകുന്നുണ്ടന്നാണ് കണക്ക്. തുമക്കൂരു റോഡ്, കെആർപുരം റോഡുകളെ ബന്ധിപ്പിച്ചുകൊണ്ട് അടിപ്പാത, വിമാനത്താവളപാതയിൽ നിലവിലുള്ള 3 ലൈനുകൾക്ക് പുറമെ 2 അധിക ലെയ്നുകളും.ഹെബ്ബാൾ തടാക ഭാഗത്ത് നിന്ന് ഒരു പാലം കൂടിയും നിർമിക്കും. ഇതിനായി 23,118 ചതുരശ്ര അടി സ്ഥലം ഏറ്റെടുക്കണം. ബിബിഎംപി, ബിഡിഎ, ബിഎംആർസി, ബിഎംടിസി കെറൈഡ് എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാ ണ് പദ്ധതി രൂപരേഖ തയാറാക്കുന്നത്.
