
ലോകമൊട്ടാകെ കോവിഡ് എന്ന മഹാമാരിയുടെ പിടിയിൽ അമർന്ന 2021 ഭൂരിപക്ഷം ആളുകളെ സംബന്ധിച്ചും ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും നിരാശയുടെയും വർഷമായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും ആഘോഷങ്ങളോ ആൾക്കൂട്ടമോ ഇല്ലാതെയാണ് പുതുവർഷാഘോഷം.
ഓരോ പുതുവർഷവും മുന്നോട്ടുളള ജീവിതത്തിന് ഊർജം കൂടിയാണ് നൽകുന്നത്. പുതുവർഷ പുലരി വിരിയുമ്പോൾ പലർക്കും പ്രതീക്ഷകളും ഒട്ടേറെയാണ്. പോയവർഷത്തെ ദുരിതങ്ങൾക്ക് 2022 ൽ അവസാനമാകുമെന്ന പ്രതീക്ഷയാണ് പലർക്കും. ചിലർ മുന്നോട്ടുളള ജീവിത യാത്രയ്ക്ക് 2022 കരുത്തു പകരുമെന്നും കരുതുന്നു.
2021ന്റെ ബാലൻസ്ഷീറ്റ് നോക്കിയാൽ തിരിച്ചടികളാണ് മുഴച്ചുനിൽക്കുന്നത്. മനുഷ്യ ജീവിതം ക്ഷണികമാണെന്ന സത്യം നമ്മളിലേക്ക് ആഴ്ന്നിറങ്ങിയ വർഷം. ലോകജനസംഖ്യയുടെ മൂന്നിലൊന്ന് പേർ പട്ടിണിയുടെ നഖക്ഷതങ്ങൾ പേറുന്നവരാണ്. ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട് പ്രകാരം 230 കോടി ജനങ്ങൾക്ക് മതിയായ ഭക്ഷണം ലഭിക്കുന്നില്ല. തൊഴിലില്ലായ്മ പേമാരിയായി പെയ്തിറങ്ങിയ ആണ്ട്. കാർമേഘങ്ങൾക്കിടയിലും പ്രതീക്ഷയുടെ നുറുങ്ങുവെട്ടമാണ് നമ്മളെ ആത്മവിശ്വാസത്തോടെ മുന്നോട്ടു നയിക്കുന്നത്.
ആശങ്കകള്‍ മാറി, പ്രത്യാശകള്‍ നിറഞ്ഞ ഒരു വര്‍ഷമാകട്ടെ ഇത്. നിങ്ങള്‍ക്കും കുടുംബത്തിനും ബാംഗ്ലൂർ മലയാളി ന്യുസിന്റെ പുതുവത്സരാശംസകൾ!
