കർണാടകയിൽ സർക്കാർ കോളേജുകളിലെ 100 ശതമാനം സീറ്റ്, സ്വകാര്യ കോളേജുകളിൽ നോൺ മൈനോറിറ്റി (കർണാടക പ്രൊഫഷണൽ കോളേജസ് ഫൗണ്ടേഷൻ കെ.പി.സി.എഫ്.) കോളേജുകളിലെ 40 ശതമാനം സീറ്റ്, റിലിജിയസ്, ലിംഗ്വിസ്റ്റിക് മൈനോറിറ്റി കോളേജുകളിൽ (അസോസിയേഷൻ ഓഫ് മൈനോറിറ്റി പ്രൊഫഷണൽ കോളേജസ് ഓഫ് കർണാടക എ.എം.പി.സി.കെ.; കർണാടക റിലീജിയസ് ആൻഡ് ലിംഗ്വിസ്റ്റിക് മൈനോറിറ്റി പ്രൊഫഷണൽ കോളേജസ് അസോസിയേഷൻ കെ.ആർ.എൽ.എം.പി.സി.എ. എന്നിവയിലെ കോളേജുകൾ) 25 ശതമാനം സീറ്റ് എന്നിവ സർക്കാർ സീറ്റുകളാണ്. ഇവയിലേക്ക് കർണാടകക്കാർക്കുമാത്രമാണ് പ്രവേശനം. എല്ലാ സ്വകാര്യകോളേജിലും 15 ശതമാനം എൻ.ആർ.ഐ. സീറ്റും അഞ്ചുശതമാനം അദർ സീറ്റ്സും ആണ്.
കെ.പി.സി.എഫ്. കോളേജുകളിൽ ബാക്കിയുള്ള 40 ശതമാനം സീറ്റ് പ്രൈവറ്റ് സീറ്റുകളാണ്. ഈ 40 ശതമാനത്തിന്റെ പകുതി സീറ്റുകൾ (50 ശതമാനം) കർണാടകക്കാർക്കുള്ളതാണ്. ബാക്കി പകുതി (50 ശതമാനം) അഖിലേന്ത്യാതലത്തിൽ നികത്തുന്ന ഓപ്പൺ സീറ്റുകളാണ്. എ.എം.പി.സി.കെ., കെ.ആർ.എൽ.എം.പി.സി. എ. കോളേജുകളിൽ 55 ശതമാനം സീറ്റാണ് പ്രൈവറ്റ് സീറ്റുകൾ. ഈ 55 ശതമാനത്തിന്റെ 66 ശതമാനം റിലീജിയസ് ലിംഗ്വിസ്റ്റിക്സ് മൈനോറിറ്റി വിഭാഗക്കാർക്കാണ്. ഇതിൽ റിലിജിയസ് മൈനോറിറ്റി കോളേജുകളിൽ കർണാടകക്കാരെയും പുറത്തുള്ളവരെയും പരിഗണിക്കും. പക്ഷേ, മുൻഗണന കർണാടകക്കാർക്കാണ്. ഈ 55 ശതമാനത്തിൽ പിന്നെ അവശേഷിക്കുന്നത് 34 ശതമാനം സീറ്റാണ്. ഈ 34 ശതമാനത്തിന്റെ 50 ശതമാനം കർണാടകക്കാർക്കുള്ളതാണ്. ബാക്കി 50 ശതമാനം അഖിലേന്ത്യതലത്തിൽ നികത്തുന്ന ഓപ്പൺ സീറ്റുകൾ ആയിരിക്കും.
ഉദാഹരണം: ഒരു കെ.പി.സി.എഫ്. കോളേജിൽ 100
സീറ്റ് ഉണ്ടെന്നുകരുതുക. ഇതിൽ കർണാടകക്കാർക്കുള്ള ഗവ.സീറ്റ് 40, പ്രൈവറ്റ് സീറ്റ് കർണാടകക്കാർക്ക് 20, അഖിലേന്ത്യാതലത്തിൽ നികത്തുന്ന പ്രൈവറ്റ് സീറ്റ് 20, എൻ.ആർ.ഐ 15, അദർ സീറ്റ്സ് അഞ്ച്.
എ.എം.പി.സി.കെ., കെ.ആർ.എൽ.എം.പി.സി.എ. കോളേജുകൾ: ഒരു കോളേജിൽ 200 സീറ്റ് ഉണ്ടെന്നുകരുതുക. സീറ്റുവിഭജനം ഇപ്രകാരമായിരിക്കും (ഏകദേശം). കർണാടകക്കാർക്കുള്ള ഗവ. സീറ്റ് 50; മൈനോറിറ്റി സീറ്റ് 73, പ്രൈവറ്റ് സീറ്റ് കർണാടകക്കാർക്ക് 18/19, അഖിലേന്ത്യാതലത്തിൽ നികത്തുന്ന പ്രൈവറ്റ് സീറ്റ് 19/18, എൻ.ആർ.ഐ. 30 സീറ്റ്, അദർ സീറ്റ്സ് 10.
ഔദ്യോഗികസീറ്റ് വിഭജനരേഖ വരുമ്പോൾ ഓരോ വിഭാഗത്തിലെയും സീറ്റ് കൃത്യമായറിയാം.