അപ്പര്‍ കൃഷ്ണ പ്രോജക്ട് (Upper Krishna Project) ഏതു വിധേനെയും പൂര്‍ത്തിയാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ (Karnataka Government) നടപടിയെടുക്കണമെന്ന് ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ പ്രതിപക്ഷ നേതാവ് (Opposition Leader) എസ് ആര് പാട്ടീൽ (S R Patil) ആവശ്യപ്പെട്ടു. 60,000 കോടിയിലധികം രൂപ ആവശ്യമുള്ള അപ്പര്‍ കൃഷ്ണ പദ്ധതി പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ട് വര്‍ഷത്തേക്ക് ജിഡിപിയുടെ 10 ശതമാനം നീക്കിവയ്ക്കണമെന്ന് എസ് ആര് പാട്ടീല്‍ പറഞ്ഞു. കര്‍ണാടകയിലെ വരള്‍ച്ചാ ബാധിത പ്രദേശങ്ങളായ ബീജാപൂര്‍, ബാഗല്‍കോട്ട്, ഗുല്‍ബര്‍ഗ, യാദ്ഗിര്‍, റായ്ച്ചൂര്‍ ജില്ലകളിലെക്ക് കൃഷ്ണ നദിയിൽ നിന്ന് ജലം എത്തിക്കുന്നതിനുള്ള ജലസേചന പദ്ധതിയാണ് അപ്പര്‍ കൃഷ്ണ പ്രോജക്റ്റ്. ഏകദേശം 1,536,000 ഏക്കര്‍ ഭൂമിയില്‍ (6,220 km²) ജലസേചനം നടത്തുന്നതിനാണ് കര്‍ണാടക സര്‍ക്കാര്‍ ഈ പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്.
”പദ്ധതിയ്ക്കായി ഏകദേശം 1.33 ലക്ഷം ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്, കൂടാതെ മുങ്ങിപ്പോകുന്ന 20 ഗ്രാമങ്ങള്‍ മാറ്റേണ്ടിയും വരും. യാചിക്കുകയോ കടം വാങ്ങുകയോ മോഷ്ടിക്കുകയോ ചെയ്തോളൂ.. ഏതു വിധേയനെയും പദ്ധതി പൂര്‍ത്തിയാക്കണം”, അദ്ദേഹം പറഞ്ഞു.
അപ്പർ കൃഷ്ണ പദ്ധതി പൂര്‍ത്തിയാകുന്നതോടെ അല്‍മാട്ടി റിസര്‍വോയറില്‍ 130 ടിഎംസി അടി വെള്ളം കൂടി സംഭരിക്കാന്‍ കഴിയുമെന്നും ബാഗല്‍കോട്ട്, വിജയപൂര്‍, ഗദഗ്, കലബുറഗി, റായ്ച്ചൂര്‍ എന്നിവയുള്‍പ്പെടെ ഏഴ് ജില്ലകളിലെ 15 ലക്ഷം ഏക്കര്‍ കൃഷിഭൂമിക്ക് ഇത് ഗുണം ചെയ്യുമെന്നും പാട്ടീല്‍ വ്യക്തമാക്കി. ”519.6 മീറ്റര്‍ ഉയരമുള്ള റിസര്‍വോയറില്‍ 173 ടിഎംസി അടി വെള്ളം സംഭരിക്കാനാകും. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുകയും റിസര്‍വോയറിന്റെ ഉയരം 524.25 മീറ്ററായി ഉയരുകയും ചെയ്യുമ്പോള്‍ മൊത്തം സംഭരണം 304 ടിഎംസി അടിയാകും. മൊത്തത്തില്‍, ഇത് 30 ലക്ഷം ഏക്കര്‍ കൃഷിഭൂമിയെ പോഷിപ്പിക്കും,” പാട്ടീല്‍ പറഞ്ഞു.
മഹാദായി പദ്ധതി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പാട്ടീല്‍ ആവശ്യപ്പെട്ടിരുന്നു. 1978ല്‍ എസ്ആര്‍ ബൊമ്മൈ കമ്മീഷന് വിഭാവനം ചെയ്തതാണ് ഈ പദ്ധതിയെന്ന് ജനതാദള്‍ (എസ്) നേതാവും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ കെ ടി ശ്രീകണ്ഠഗൗഡ പറഞ്ഞു. കര്‍ണാടകയിലെ ഹുബള്ളി- ധാര്‍വാഡ്, ബളഗാവി, ഗഥക് തുടങ്ങിയ ജില്ലകളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാവുന്ന പദ്ധതിയാണ് മഹാദായി പദ്ധതി. ഗോവയുടെയും മഹാരാഷ്ട്രയുടെയും എതിര്‍പ്പ് മൂലം ഈ പദ്ധതി മന്ദഗതിയിലാണ്.
മഹാരാഷ്ട്രയിലെ മഹാബലേശ്വറിന് വടക്കായി പശ്ചിമഘട്ടത്തില്‍ നിന്ന് ഉത്ഭവിക്കുന്ന കൃഷ്ണ നദി, മൂന്ന് സംസ്ഥാനങ്ങളിലൂടെ കടന്ന് 1300 കിലോമീറ്ററോളം ദൂരം സഞ്ചരിച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. മഹാരാഷ്ട്ര, കര്‍ണ്ണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ആന്ധ്രാപ്രദേശില്‍ വിജയവാഡയ്ക്കടുത്തുവച്ചാണ് കൃഷ്ണ നദി ബംഗാള്‍ ഉള്‍ക്കടലില്‍ ചേരുന്നത്. ദ്വാദശ ജ്യോതിര്‍ലിംഗങ്ങളിലൊന്നായ ശ്രീശൈലം, പ്രാചീന ബുദ്ധമതകേന്ദ്രമായ നാഗാര്ജുനഗൊണ്ട എന്നിവ ഈ നദിയുടെ തീരത്താണ്. കൃഷ്ണ നദിയ്ക്ക് കുറുകെയാണ് അല്‍മാട്ടി, നാഗാര്‍ജുനസാഗര്‍ അണക്കെട്ടുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്.