മംഗളുരു: ദക്ഷിണ കന്നഡ ജില്ലയിലെ സർക്കാർ കോളേജിലെ 20 കാരിയായ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഗസ്റ്റ് ലക്ചറർ അറസ്റ്റിൽ. വിഘ്‌നേഷ് (40) എന്നയാളാണ് പിടിയിലായതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
കോളേജിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിനിയായ പെൺകുട്ടിക്ക് ഓൺലൈൻ ക്ലാസുകൾക്ക് ശേഷം കഴിഞ്ഞ ഒരു വർഷമായി അധ്യാപകനിൽ നിന്ന് അനാവശ്യ സന്ദേശങ്ങൾ ലഭിക്കാറുണ്ടായിരുന്നു. വിഷയം പ്രിൻസിപ്പലിന് മുന്നിൽ അവതരിപ്പിക്കുമെന്ന് പെൺകുട്ടി മുന്നറിയിപ്പ് നൽകിയതോടെ സന്ദേശങ്ങൾ അയക്കുന്നത് നിർത്തി പിന്നീട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ കോളേജ് കാമ്പസിൽ പെൺകുട്ടിയെ പിന്തുടരാൻ തുടങ്ങി, പരാതി നൽകരുതെന്ന് ഭീഷണിപ്പെടുതുകയും ചെയ്തു.
ഇതേ തുടർന്ന് പെൺകുട്ടി ശങ്കരനാരായണ പോലീസ് സ്റ്റേഷനിൽ പരാതി നൽകി, തുടർന്ന് ഐപിസി സെക്ഷൻ 354 പ്രകാരം കുറ്റം ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്തു. ഇയാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജാമ്യം അനുവദിച്ചതായി വൃത്തങ്ങൾ അറിയിച്ചു.