ചെന്നൈ: ആടുമേയ്ക്കുന്നതിനായി സ്വകാര്യ ആടുവളർത്തൽ കേന്ദ്രത്തിന് ദമ്പതികൾ തങ്ങളുടെ നാല് ആൺമക്കളെ 62,000 രൂപക്ക് വിറ്റതായി കണ്ടെത്തി. നാട്ടുകാർ നൽകിയ വിവരത്തെത്തുടർന്ന് കുട്ടികളെ ചൈൽഡ് ലൈൻ പ്രവർത്തകരും പോലീസും ചേർന്നാണ് മോചിപ്പിച്ചത്.
തഞ്ചാവൂർ വല്ലംപുത്തൂർ ഭാഗത്ത് കൂലിപ്പണിയെടുത്ത് ജീവിക്കുന്ന ദമ്പതികളാണ് പ്രായപൂർത്തിയാവാത്ത ആൺമക്കളെ രണ്ടുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ സ്വകാര്യ ആടുവളർത്തൽ കേന്ദ്രത്തിന് വിറ്റത്. ദമ്പതികൾക്ക് പ്രായപൂർത്തിയായ മകളും പ്രായപൂർത്തിയാകാത്ത നാല് ആൺമക്കളുമാണുള്ളത്.
ദമ്പതികളുടെ ദാരിദ്ര്യാവസ്ഥ ചൂഷണം ചെയ്ത്, രാമനാഥപുരം സ്വദേശികളായ ഗോവിന്ദരാജ്, സഹോദരൻ മണിരാസു, ബന്ധു ശെൽവം എന്നിവർ നടത്തുന്ന ആടുവളർത്തൽ സ്ഥാപനമാണ് അടിമ ജോലിക്കായി കുട്ടികളെ വില കൊടുത്ത് വാങ്ങിയത്. കുട്ടികൾ ആടിനെ മേയ്ക്കുന്നത് കണ്ട ചിലർ ചൈൽഡ് ലൈൻ, പോലീസ് എന്നിവരെ വിവരമറിയിക്കുകയായിരുന്നു. പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.