ബെംഗളൂരു: കർണാടക സർക്കാരിന്റെ കോവിഡ് സുരക്ഷാ മാർഗനിർദേശങ്ങൾ ലംഘിച്ചെന്ന പരാതിയിൽ ജാലഹള്ളിയിലെ കോൺവന്റ് ഹൈസ്കൂളിന് പൊതുവിദ്യാഭ്യാസ വകുപ്പ് നോട്ടിസ് നൽകി. സാംസ്കാരിക, ഉല്ലാസ പരിപാടികളും മറ്റും നടത്തരുതെന്ന മുന്നറിയിപ്പു ലംഘിച്ച് 130 വിദ്യാർഥികളെ വ്യാഴാഴ്ച 5 ദിവസത്തെ ഹൈദരാബാദ് യാത്രയ്ക്കായി കൊണ്ടുപോയതിനെ തുടർന്നാണിത്.
വിദ്യാർഥികളെ അയയ്ക്കാൻ തയാറാകാത്ത ചില രക്ഷിതാക്കൾ പരാതിപ്പെട്ടതിനെ തുടർന്നാണ് പോയ സംഘത്തെ ഉടൻ തിരിച്ചുവിളിക്കാനും കാരണം കാണിക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് നോട്ടിസ് നൽകിയത്. 10,000 രൂപ വീതമാണ് യാത്രയ്ക്കായി ഈടാക്കിയതെന്നും ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർക്ക് ഇവർ നൽകിയ പരാതിയിലുണ്ട്. സംഘം ഇന്നു തിരിച്ചെത്തും. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി വിദ്യാഭ്യാസ വകുപ്പു പുറത്തിറക്കിയ സുരക്ഷാ മാനദണ്ഡങ്ങളിൽ യാത്രകളെ കുറിച്ചു പരാമർശമില്ലെന്നാണു സ്കൂൾ അധികൃതരുടെ നിലപാട്.
രക്ഷിതാക്കളിൽ നിന്ന് ഇതു സംബന്ധിച്ച് സമ്മതപത്രവും ഒപ്പിട്ടു വാങ്ങിയിട്ടുണ്ട്. സുരക്ഷയ്ക്കു വേണ്ട എല്ലാ ക്രമീകരണങ്ങളും ട്രാവൽ ഏജൻസി സ്വീകരിച്ചിട്ടുണ്ടെന്നും സ്കൂൾ അധികൃതർ വിശദീകരിച്ചു.