ബെംഗളൂരു: അധ്യയന ദിവസങ്ങൾ കുറവായതിനാൽ 10-ാം ക്ലാസ് പാഠഭാഗങ്ങൾ 20% വെട്ടി കുറയ്ക്കാൻ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്.മുഴുവൻ പാഠവും വാർഷിക പരീക്ഷയ്ക്ക് മുന്നേ പഠിപ്പിച്ച് തീർക്കാൻ കഴിയില്ലെന്ന അധ്യാപക സംഘടനകളുടെ പരാതിയെ തുടർന്നാണ് നടപടി.
കോവിഡിനെ തുടർന്ന് അധ്യയന വർഷം ആരംഭിക്കാൻ വൈകിയതിന് പുറമേ ഓൺലൈൻ ക്ലാസുകളിൽ ഗ്രാമീണ മേഖലകളിലെ വിദ്യാർഥികളുടെ പങ്കാളിത്തം കുറവുമായിരുന്നു. സ്കൂളുകൾ തുറന്നതിന് ശേഷമാണ് സയൻസ്, കണക്ക് വിഷയങ്ങളിൽ വിദ്യാർഥികൾ കൂടുതൽ ശ്രദ്ധ ചെലുത്താൻ തുടങ്ങിയത്.പാഠഭാഗങ്ങൾ ഒഴിവാക്കുന്നതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് അധികൃതരുമായി ചർച്ച നടത്തിയതായി പ്രൈമറി ആൻഡ് സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് പറഞ്ഞു.കഴിഞ്ഞ വർഷം 10, പ്ലസ്ടു ക്ലാസുകളിലെ പാഠഭാഗങ്ങൾ 30% വരെ കുറച്ചിരുന്നു.