ബ്യാദരഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാണ്ട്യ സ്വദേശികളായ അഞ്ചു പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണം പുതിയ ദിശയിലേക്ക് കൂട്ട മരണം നടന്ന വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് ആത്മഹത്യാ കുറിപ്പുകള്‍ പൊലീസ് കണ്ടെത്തി.
ഇതേത്തുടര്‍ന്ന് ഗൃഹനാഥനും മാണ്ട്യയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഹള്ളഗെരെ ശങ്കര്‍ കന്നട പത്രം എഡിറ്ററുമായ ശങ്കറിലേക്ക് അന്വേഷണം വഴിതിരിഞ്ഞു.ശങ്കറിന്റെ ഭാര്യ ഭാരതി (51) മക്കളായ സിഞ്ചന (34), സിന്ധൂറാണി (31), മധുസാഗര്‍ (25), ഒമ്ബത് മാസം പ്രായമുള്ള ആണ്‍കുട്ടി എന്നിവരെയാണ് ശനിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇതില്‍ ശങ്കറിന്റെ മൂന്നു മക്കള്‍ വെവ്വേറെ തയ്യാറാക്കി വെച്ച ആത്മഹത്യാ കുറിപ്പുകളില്‍ അച്ഛനെതിരെ പരാമര്‍ശമുള്ളതായി പൊലീസ് പറഞ്ഞു.അതേസമയം കൂട്ട മരണത്തിലേക്ക് നയിച്ചത് തന്റെ ഭാര്യയുടെ മക്കളോടുള്ള സമീപനമാണെന്നാണ് എട്ടു പേജുള്ള കത്തിലൂടെ ശങ്കര്‍ പൊലീസിനെ അറിയിച്ചിരുന്നത്.
വീട്ടില്‍ നിന്ന് 15 ലക്ഷം രൂപ, രണ്ടു കിലോഗ്രാം സ്വര്‍ണം, വെള്ളി, ലാപ്ടോപ് തുടങ്ങിയവ പൊലീസ് കസ്റ്റഡിയിലെടുത്തു.ശങ്കര്‍, സിഞ്ചനയുടെ ഭര്‍ത്താവ് പ്രവീണ്‍, സിന്ധുറാണിയുടെ ഭര്‍ത്താവ് ശ്രീകാന്ത് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഐ പി എസ്/ ഐ എ എസ് കരസ്ഥമാക്കാനുള്ള പരിശ്രമത്തിലായിരുന്നു എഞ്ചിനീയറിംഗ് ബിരുദമുള്ള സിന്ധുറാണിയും എം ബിഎക്കാരിയായ സിഞ്ചനയും.എഞ്ചിനീയറിംഗ് ബിരുദധാരിയും ദേശസാല്‍കൃത ബാങ്കില്‍ ഉദ്യോഗസ്ഥനുമായ മധുസാഗറാവട്ടെ ബാര്‍ തുടങ്ങാനുള്ള ലൈസന്‍സ് ലഭിച്ച് തുടര്‍പ്രവര്‍ത്തനങ്ങളിലായിരുന്നു.
ഇതിന് അച്ഛനോട് പണം ആവശ്യപ്പെട്ടപ്പോള്‍ ആശ്രമം തുടങ്ങാന്‍ 10 ലക്ഷം രൂപ നല്‍കാന്‍ ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു എന്ന് മധുസാഗറിന്റെ ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞുവെന്നും പൊലീസ് വ്യക്തമാക്കി.വീടുവിട്ടിറങ്ങിപ്പോയ അച്ഛനെ മൂന്ന് ദിവസം തുടര്‍ചയായി വിളിക്കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്തെങ്കിലും പ്രതികരിച്ചില്ല. 10 ലക്ഷം കൊടുക്കാം എന്നറിയിച്ചിട്ടും മറുപടിയുണ്ടായില്ലെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു.
നാലു മൃതദേഹങ്ങള്‍ അഞ്ചു ദിവസവും മധുസാഗറിന്റെ ജഡം മൂന്ന് ദിവസവും പഴക്കമുള്ളതായാണ് പോസ്റ്റ് മോര്‍ടെം റിപോര്‍ട്. മരണം നടന്ന വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സിഞ്ചനയുടെ രണ്ടര വയസുള്ള മകള്‍ പ്രേക്ഷ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്.