Home Featured അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ കൈമാറണം; സഞ്ജയ് നഗർ പോലീസ് സ്‌റ്റേഷൻ ഉപരോധിച്ച് നാട്ടുകാർ

അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ കൈമാറണം; സഞ്ജയ് നഗർ പോലീസ് സ്‌റ്റേഷൻ ഉപരോധിച്ച് നാട്ടുകാർ

by admin

ബംഗളൂരു: അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ തങ്ങൾക്ക് കൈമാറണം എന്ന് ആവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷന് മുമ്പിൽ നാട്ടുകാരുടെ പ്രതിഷേധം. കർണാടക ബംഗളൂരുവിലെ സഞ്ജയ് നഗർ പോലീസ് സ്‌റ്റേഷന് മുമ്പിലാണ് സംഭവം. പ്രതിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സംഭവത്തിൽ രോഷാകുലരായ 500ഓളം പേർ പോലീസ് സ്‌റ്റേഷന് മുമ്പിൽ തടിച്ചുകൂടുകയായിരുന്നു.

ഞായറാഴ്ച വൈകിട്ടായിരുന്നു ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മൊബൈൽ ഫോണിൽ വീഡിയോകൾ കാണിച്ചുനൽകാമെന്ന വ്യാജേന അയൽവാസിയായ അഞ്ചുവയസുകാരിയെ താമസസ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയി 25കാരനായ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് കുട്ടി വീട്ടിൽ മടങ്ങിയെത്തിയ ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചതോടെ മാതാപിതാക്കൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ബംഗാൾ സ്വദേശിയാണ് പ്രതി.ജോലി ആവശ്യത്തിനായി ബംഗളൂരുവിൽ താമസമാക്കിയയാളാണ് പ്രതി. പോലീസ് ഉടൻ തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയായ 25കാരനെയും പെൺകുട്ടിയെയും മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയതായും പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നോർത്ത് ഡിസിപി ധർമേന്ദർ കുമാർ മീണ അറിയിച്ചു.

ഇതിനുപിന്നാലെയാണ് സംഭവം അറിഞ്ഞതോടെ പ്രതിഷേധവുമായി പ്രദേശവാസികൾ പോലീസ് സ്‌റ്റേഷന് മുമ്പിൽ തടിച്ചുകൂടിയത്. പ്രതിയെ തങ്ങൾക്ക് കൈമാറണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തതോടെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥലം എംഎൽഎ ബൈരതി സുരേഷും സ്ഥലത്തെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല. സംസ്ഥാനത്ത് ബലാത്സംഗ കേസുകൾ വർധിച്ചുവരുന്നതായി ചൂണ്ടിക്കാട്ടി കന്നഡ അനുകൂല സംഘടനകളും പ്രതിഷേധത്തിൽ പങ്കെടുത്തു.

രണ്ടുമണിക്കൂറിലേറെ നീണ്ട അനിശ്ചിതത്വത്തിന് ശേഷം പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എംഎൽഎ ഉറപ്പുനൽകിയതിന് പിന്നാലെ പ്രതിഷേധക്കാർ പിരിഞ്ഞുപോകുകയായിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group