ബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ നിശ്ചിത പ്രദേശങ്ങളിൽ രണ്ട് ദിവസത്തേക്ക് മദ്യവിൽപ്പന നിരോധിച്ചു. ഒക്ടോബർ 21ന് വൈകിട്ട് നാല് മണി മുതൽ ഒക്ടോബർ 23ന് വൈകിട്ട് നാല് മണി വരെയാണ് നിരോധനം.ബെംഗളൂരു ടീച്ചേഴ്സ്, ഗ്രാജ്വേറ്റ്സ് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനും ക്രമസമാധാനം ഉറപ്പാക്കുന്നതിനുമാണ് നടപടി. തിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിലെ പ്രത്യേക പോലീസ് സ്റ്റേഷൻ പരിധികളിൽ മദ്യഷോപ്പുകൾ, ബാറുകൾ, മദ്യം വിൽക്കുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവ അടച്ചിടാൻ സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് ഉത്തരവിട്ടു.നിരോധന കാലയളവിൽ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും ഭക്ഷണം നൽകാൻ അനുമതിയുണ്ടെങ്കിലും മദ്യം വിൽക്കാൻ പാടില്ല. മദ്യത്തിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും വിൽപ്പന, സംഭരണം, ഉപയോഗം എന്നിവയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടപടികൾ സുഗമമായും സമാധാനപരമായും പൂർത്തിയാക്കുകയാണ് ലക്ഷ്യം.