Home തിരഞ്ഞെടുത്ത വാർത്തകൾ ഇരുമ്പ് പൈപ്പുകളിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്ത്; കൊച്ചിയിൽ ടൂറിസ്റ്റ് ബസിൽ വൻ ലഹരിവേട്ട

ഇരുമ്പ് പൈപ്പുകളിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്ത്; കൊച്ചിയിൽ ടൂറിസ്റ്റ് ബസിൽ വൻ ലഹരിവേട്ട

കൊച്ചി: കേരളത്തിലേക്ക് വന്‍തോതില്‍ ലഹരി വസ്തുക്കള്‍ ഒഴുകുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് കൊച്ചി പൊലീസ്.കളമശ്ശേരി ഏലൂരില്‍ നടത്തിയ പരിശോധനയില്‍ ഇരുമ്പ് പൈപ്പുകളില്‍ ഒളിപ്പിച്ച്‌ കടത്തുകയായിരുന്ന 20 കിലോയിലധികം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാള്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.മറ്റുള്ളവര്‍ക്ക് യാതൊരുവിധ സംശയമോ മണമോ കിട്ടാതിരിക്കാനാണ് അതീവ രഹസ്യമായി ഹൈഡ്രോളിക് മെഷീന്‍ ഉപയോഗിച്ച്‌ കഞ്ചാവ് ഇരുമ്പ് പൈപ്പുകളില്‍ കുത്തിനിറച്ച്‌ ടൂറിസ്റ്റ് ബസില്‍ കടത്തിയത്. എറണാകുളം നര്‍ക്കോട്ടിക്സ് എസിപി ആനന്ദലാലിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘമാണ് ഈ കുറ്റകൃത്യം പിടികൂടിയത്.പ്രതി കുറച്ചുനാളായി പ്രദേശത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു എസിപിയുടെ നേതൃത്വത്തിലുള്ള സംഘം. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പൈപ്പുകളിലാക്കി കടത്തിയ ലഹരി പിടികൂടിയത്.എന്നാല്‍, ഇരുമ്പ് പൈപ്പുകള്‍ക്കുള്ളില്‍ ഹൈഡ്രോളിക് പ്രഷറില്‍ അതീവ ശക്തമായി കുത്തിനിറച്ച നിലയിലായിരുന്നു കഞ്ചാവ്. പൈപ്പുകള്‍ വെട്ടിപ്പൊളിച്ച്‌ കഞ്ചാവ് പുറത്തെടുക്കാന്‍ പൊലീസിനും ഫയര്‍ഫോഴ്സിനും മണിക്കൂറുകളോളമാണ് കഷ്ടപ്പെടേണ്ടി വന്നത്.കൊച്ചിയില്‍ ലഹരി മാഫിയക്കെതിരെ പൊലീസ് നടപടികള്‍ ശക്തമാക്കിയിരിക്കെ, കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ നഗരത്തില്‍ നടക്കുന്ന മൂന്നാമത്തെ വലിയ കഞ്ചാവ് വേട്ടയാണിത്. ബംഗാളില്‍ നിന്നും മറ്റും വന്‍തോതില്‍ കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായതെന്നാണ് വിവരം. ഇയാള്‍ക്ക് ലഹരി എത്തിച്ചുനല്‍കിയവരെക്കുറിച്ചും നഗരത്തില്‍ ഇവര്‍ക്ക് വേറെയും ഇടത്താവളങ്ങള്‍ ഉണ്ടോ എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group