Home ചെന്നൈ കോയമ്പത്തൂര്‍ സ്ഫോടനക്കേസ്: ജീവപര്യന്തം തടവുകാരായ അഞ്ച് പേര്‍ക്ക് 60 ദിവസത്തെ പരോള്‍; തമിഴ്നാട്ടില്‍ രാഷ്ട്രീയ വിവാദം

കോയമ്പത്തൂര്‍ സ്ഫോടനക്കേസ്: ജീവപര്യന്തം തടവുകാരായ അഞ്ച് പേര്‍ക്ക് 60 ദിവസത്തെ പരോള്‍; തമിഴ്നാട്ടില്‍ രാഷ്ട്രീയ വിവാദം

ചെന്നൈ: 1998ലെ കോയമ്പത്തൂർ സ്ഫോടനക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അഞ്ച് പേർക്ക് 60 ദിവസത്തെ പരോള്‍ അനുവദിച്ചതോടെ തമിഴ്നാട്ടില്‍ രാഷ്ട്രീയ വിവാദം ശക്തമായി.വിജയ് സർക്കാറിന്റെ തീരുമാനത്തിനെതിരെ ബിജെപി രംഗത്തെത്തിയപ്പോള്‍, പരോളിനെ അനുകൂലിച്ച്‌ തമിഴക വെട്രി കഴകം (ടിവികെ) എംഎല്‍എ വി.എം.എസ്. മുസ്തഫയും പ്രസ്താവനയിറക്കി. ദീർഘകാലമായി ജയിലില്‍ കഴിയുന്ന തടവുകാർക്ക് ചട്ടപ്രകാരമുള്ള സാധാരണ നടപടിയുടെ ഭാഗമായാണ് പരോള്‍ അനുവദിച്ചതെന്നാണ് സർക്കാറിന്റെ വിശദീകരണം.കോയമ്പത്തൂർ സെൻട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് അൻസാരി, മുഹമ്മദ് അലി, മോനപ്പ എന്ന മുഹമ്മദ് ഹസൻ, മുഹമ്മദ് അജം, നവാബ് ഖാൻ എന്നിവർക്കാണ് പരോള്‍ ലഭിച്ചത്. വ്യക്തിപരമായ ആവശ്യങ്ങളും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇവർ അപേക്ഷ നല്‍കിയത്.

ഈ വർഷം ആദ്യം അപേക്ഷകള്‍ അംഗീകരിച്ചിരുന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് മോചനം നീട്ടിവെക്കുകയായിരുന്നു. പിന്നീട് സമർപ്പിച്ച അപേക്ഷകള്‍ക്ക് അംഗീകാരം ലഭിച്ചതോടെയാണ് പരോള്‍ അനുവദിച്ചത്.പരോള്‍ തീരുമാനത്തിനെതിരെ ബിജെപി സംസ്ഥാന മുഖ്യവക്താവ് നാരായണൻ തിരുപ്പതി സമൂഹമാധ്യമമായ എക്സിലൂടെ വിമർശനമുന്നയിച്ചു. 2023 ഒക്ടോബറില്‍ സമാന കേസിലെ ജീവപര്യന്തം തടവുകാരുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. മുതിർന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനിയെ ലക്ഷ്യമിട്ടാണ് സ്ഫോടനപരമ്പര നടത്തിയതെന്നും രാഷ്ട്രീയ നേട്ടങ്ങള്‍ ലക്ഷ്യമിട്ടാണ് സർക്കാർ പരോള്‍ അനുവദിച്ചതെന്നുമാണ് ബിജെപിയുടെ ആരോപണം.

അതേസമയം, പരോള്‍ തടവുകാരുടെ സാധാരണ അവകാശമാണെന്നും അതുകൊണ്ട് ശിക്ഷയുടെ ഗൗരവം കുറയുന്നില്ലെന്നും നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നു. ആരോഗ്യകാരണങ്ങളാല്‍ മുമ്പും ചില പ്രതികള്‍ക്ക് കോടതികള്‍ പരോളും അവധിയും അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍.1998 ഫെബ്രുവരി 14ന് കോയമ്പത്തൂരില്‍ എല്‍.കെ. അദ്വാനി പങ്കെടുക്കാനിരുന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് സ്ഫോടനപരമ്പര ഉണ്ടായത്. സംഭവത്തില്‍ 58 പേർ കൊല്ലപ്പെടുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് 168 പേരെ അറസ്റ്റ് ചെയ്തിരുന്നു. 2007ല്‍ 158 പേരെ കോടതി ശിക്ഷിച്ചതില്‍ 43 പേർക്ക് ജീവപര്യന്തം തടവാണ് ലഭിച്ചത്. പതിറ്റാണ്ടുകളായി നീണ്ടുനില്‍ക്കുന്ന കേസില്‍ ശിക്ഷിക്കപ്പെട്ട അഞ്ച് പേർക്ക് ഇപ്പോള്‍ പരോള്‍ അനുവദിച്ചതാണ് പുതിയ രാഷ്ട്രീയ തർക്കത്തിന് വഴിവെച്ചിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group