ബെംഗളൂരു: നഗരത്തിന് അടുത്ത ഒരു വർഷത്തിനുള്ളില്‍ പുതിയ സമഗ്ര ഗതാഗത പദ്ധതി ലഭിച്ചേക്കും. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി തയ്യാറാക്കുന്നത്.തുരങ്കപാതയും 12 മേല്‍പ്പാലങ്ങളും ഉള്‍പ്പെടെ ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ വിവിധ ഘട്ടങ്ങളിലായി ആസൂത്രണത്തിലും അനുമതി നടപടികളിലും തുടരുന്നതിനിടെയാണ് ആശ്വാസ വാർത്ത വരുന്നത്.നഗര ഭൂഗതാഗത ഡയറക്ടറേറ്റ് 2020ല്‍ ബെംഗളൂരുവിനായി ആദ്യത്തെ സമഗ്ര ഗതാഗത പദ്ധതി തയ്യാറാക്കിയിരുന്നു. ഏകദേശം ആറു വർഷത്തിന് ശേഷമാണ് പുതിയ പദ്ധതി തയ്യാറാക്കാനുള്ള നീക്കം നടക്കുന്നത്. ഗതാഗത നിയന്ത്രണവും അടിസ്ഥാനസൗകര്യ വികസനവും സംബന്ധിച്ച സമാന വിഷയങ്ങള്‍ ഉള്‍പ്പെടുത്തി അന്നത്തെ ബൃഹത് ബെംഗളൂരു മഹാനഗരപാലികയും പ്രത്യേക പഠനം നടത്തിയിരുന്നു.ആദ്യത്തെ സമഗ്ര ഗതാഗത പദ്ധതിയില്‍ പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുമായി നിരവധി നിർദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു.
ബസുകള്‍ക്ക് മുൻഗണന നല്കുന്ന പാതകള്‍, മെട്രോലൈറ്റ് സംവിധാനം, എലിവേറ്റഡ് ലൈനുകള്‍, 50 കിലോമീറ്റർ നീളത്തില്‍ ടെൻഡർസ്യൂർ റോഡുകള്‍, സൈക്കിള്‍ പാതകള്‍, പൊതുഗതാഗതത്തെ അടിസ്ഥാനമാക്കിയുള്ള നഗരവികസനം എന്നിവ ഇതില്‍ ഉള്‍പ്പെട്ടിരുന്നു.നഗരത്തിലെ ആകെ യാത്രകളില്‍ പൊതുഗതാഗതത്തിന്റെ പങ്ക് നിലവിലുണ്ടായിരുന്ന 40 ശതമാനത്തില്‍ നിന്ന് 70 ശതമാനമായി ഉയർത്താനും ഇതിലൂടെ ലക്ഷ്യമിട്ടിരുന്നു. 2035 വരെ നടപ്പാക്കുന്നതിനായി മൂന്ന് ഘട്ടങ്ങളായി തിരിച്ച ഈ പദ്ധതിക്ക് ഏകദേശം 2.30 ലക്ഷം കോടി രൂപ ചെലവ് വരുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്.എന്നാല്‍, 2023ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ മറ്റൊരു പ്രത്യേക പഠനം നടത്താൻ തീരുമാനിച്ചതോടെ ആദ്യ പദ്ധതിയിലെ ഭൂരിഭാഗം നിർദേശങ്ങളും കടലാസില്‍ തന്നെ തുടരുകയാണ്. പുതിയ പഠനത്തിനായി ബൃഹത് ബെംഗളൂരു മഹാനഗരപാലിക 5.54 കോടി രൂപ ചെലവില്‍ ആള്ട്ടിനോക് കണ്‍സള്‍ട്ടിങ് എൻജിനീയറിങ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തി.2024ലെ സമഗ്ര ബെംഗളൂരു നഗര ഗതാഗത നിയന്ത്രണ അടിസ്ഥാനസൗകര്യ പദ്ധതിയുടെ ഭാഗമായി ഏകദേശം 124 കിലോമീറ്റർ നീളത്തിലുള്ള ഉയർന്ന പാതകളും ചെറു മേല്‍പ്പാലങ്ങളും, ഇരട്ടത്തട്ടിലുള്ള മെട്രോ പാതകളും, ഏകദേശം 46 കിലോമീറ്റർ നീളത്തിലുള്ള ഇരട്ട തുരങ്കപാതകളും പഠനത്തില്‍ നിർദേശിച്ചു.
എന്നാല്‍, പഠനത്തിലെ ചില ഭാഗങ്ങള്‍ മറ്റ് രേഖകളില്‍നിന്ന് പകർത്തിയതാണെന്ന ആരോപണങ്ങള്‍ ഉയർന്നതോടെ ഈ റിപ്പോർട്ട് പരിശോധനയ്ക്ക് വിധേയമായി. ഇപ്പോള്‍ 4.16 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പുതിയ സമഗ്ര ഗതാഗത പദ്ധതി വീണ്ടും നഗര ഭൂഗതാഗത ഡയറക്ടറേറ്റ് തയ്യാറാക്കും. നമ്മ മെട്രോ പദ്ധതികള്‍ക്ക് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കുന്നതിനും സമഗ്ര ഗതാഗത പദ്ധതി അനിവാര്യമാണ്.അതേസമയം, ബെംഗളൂരു മെട്രോപൊളിറ്റൻ ലാൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി നിലവിലിരിക്കെ പുതിയ പഠനത്തിന്റെ ചുമതല നഗര ഭൂഗതാഗത ഡയറക്ടറേറ്റിന് നല്‍കുന്നതിനെ പല കോണുകളില്‍ നിന്നും വിദ്ഗധർ വിമർശിക്കുന്നുണ്ട്. അതോറിറ്റിയെ പൂർണമായി പ്രവർത്തനക്ഷമമാക്കാൻ സർക്കാർ താല്പര്യം കാണിക്കാത്തതിനാലാണ് ഡയറക്ടറേറ്റിന് ഈ ജോലി ഏറ്റെടുക്കേണ്ടിവരുന്നതെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. ജീവനക്കാരുടെ കുറവ് കാരണം ബെംഗളൂരു മെട്രോപൊളിറ്റൻ ലാൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഇതുവരെ പൂർണമായി പ്രവർത്തനക്ഷമമായിട്ടില്ലെന്നാണ് വിവരം.