ബെംഗളൂരു: സംഘടനാ പ്രവർത്തകരെന്നും മാധ്യമപ്രവർത്തകരെന്നും അവകാശപ്പെട്ട് സ്പാ ജീവനക്കാരെ മർദിക്കുകയും ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ നാല് സ്ത്രീകളുൾപ്പെടെ ആറുപേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. സ്പാ ഉടമയിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.വിദ്യാരണ്യപുരയിലെ നഞ്ചപ്പ ലേഔട്ടിൽ സ്പായും സലൂണും നടത്തുന്ന ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ഒക്ടോബർ മൂന്നിന് രാത്രിയാണ് ആറംഗ സംഘം സ്ഥാപനത്തിലെത്തി ജീവനക്കാരെ ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.സ്പായിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ആരോപിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ഒരു ലക്ഷം രൂപ ബലമായി വാങ്ങിയതായും പരാതിയിൽ പറയുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒക്ടോബർ ആറിന് കെ.ആർ. സർക്കിളിന് സമീപത്തുനിന്ന് പ്രതികളെ പിടികൂടി. ഇവരിൽ നിന്ന് 80,000 രൂപയും ഏഴ് മൊബൈൽ ഫോണുകളും ഒരു കാറും ഇരുചക്രവാഹനവും പൊലീസ് പിടിച്ചെടുത്തു. പ്രതികളെ പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.