ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ, സുധാ മൂർത്തി, അനന്ദ് അംബാനി എന്നിവരുടെ വ്യാജ ഡീഫേക്ക് വീഡിയോകൾ വിശ്വസിച്ച് ഓൺലൈൻ നിക്ഷേപ തട്ടിപ്പിനിരയായ ബെംഗളൂരു സ്വദേശിക്ക് നഷ്ടമായത് 7.66 ലക്ഷം രൂപ. മഹാലക്ഷ്‌മി ലേഔട്ട് സ്വദേശിയായ 39കാരനാണ് തട്ടിപ്പിനിരയായത്.ജൂലൈ 10-നാണ് പരാതിക്കാരൻ ഫേസ്ബുക്കിൽ പ്രചരിച്ച ഡീപ്പ്റ്റേക്ക് വീഡിയോകൾ കാണുന്നത്. പ്രധാനമന്ത്രിയും പ്രമുഖ വ്യക്തിത്വങ്ങളും ഒരു ഓൺലൈൻ നിക്ഷേപ പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലായിരുന്നു ഈ വ്യാജ വീഡിയോകൾ തയാറാക്കിയിരുന്നത്. ഇത് യഥാർഥമാണെന്ന് തെറ്റിദ്ധരിച്ച ഇയാൾ വീഡിയോയോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുകയും പ്രാരംഭനിക്ഷേപമായി 22,000 രൂപ നൽകുകയും ചെയ്തു.
ഇതിന് പിന്നാലെ യുകെയുടെ കൺട്രി കോഡിലുള്ള അഞ്ച് അജ്ഞാത നമ്പറുകളിൽ നിന്ന് ഇയാൾക്ക് ഫോൺ കോളുകൾ എത്തി.’വൺ ടു മാർക്കറ്റ്സ്’ എന്ന കമ്പനിയുടെ പ്രതിനിധികളാണെന്ന് സ്വയം പരിചയപ്പെടുത്തിയ തട്ടിപ്പുകാർ, ഫോറെക്സ് ട്രേഡിങ്ങിലൂടെ വലിയ ലാഭം നേടാമെന്ന് ഇയാളെ വിശ്വസിപ്പിച്ചു. തുടർന്ന് ഇയാളുടെ പേരിൽ ഒരു വ്യാജ ഫോറെക്‌സ് അക്കൗണ്ട് തുറക്കുകയും ചെയ്‌തു. നിക്ഷേപത്തിന് മികച്ച ലാഭം ലഭിക്കുന്നുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച സംഘം, വിവിധ ബാങ്ക് അക്കൗണ്ടുകൾ നൽകി ജൂലൈ 10-നും 22-നും ഇടയിൽ പലതവണകളായി 7.66 ലക്ഷം രൂപ യുവാവിൽ നിന്ന് കൈക്കലാക്കി.തന്റെ നിക്ഷേപം വലിയ ലാഭമുണ്ടാക്കുന്നുവെന്ന വിശ്വാസത്തിലായിരുന്നു പരാതിക്കാരൻ. എന്നാൽ അക്കൗണ്ടിലുള്ള പണം തിരികെ പിൻവലിക്കാൻ ശ്രമിച്ചപ്പോൾ, കൂടുതൽ തുക വീണ്ടും നിക്ഷേപിക്കാൻ തട്ടിപ്പുകാർ സമ്മർദം ചെലുത്തി. ഇതോടെ തട്ടിപ്പ് തിരിച്ചറിഞ്ഞ ഇയാൾ പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ സെപ്റ്റംബർ 19-ന് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത് വിശദമായ അന്വേഷണം ആരംഭിച്ചു.