ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ യെലഹങ്ക താലൂക്കിലെ ബെല്ലഹള്ളിയില്‍ 125 കിടക്കകളുള്ള സർക്കാർ ആശുപത്രി വരുന്നു.ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഞായറാഴ്ച 75 കോടി ചെലവില്‍ നിർമ്മിക്കുന്ന ആശുപത്രിയുടെ ശിലാസ്ഥാപനം നിർവഹിച്ചതോടെയാണ് ഇത്. ഗ്രൗണ്ട് ഫ്ലോർ ഉള്‍പ്പെടെ മൂന്ന് നിലകളുള്ള കെട്ടിടത്തിലായിരിക്കും ആശുപത്രി പ്രവർത്തിക്കുക.വിവിധ തരത്തിലുള്ള പ്രത്യേക ചികിത്സാ സേവനങ്ങള്‍ ഇവിടെ ലഭ്യമാക്കും. ഭാവിയില്‍ രണ്ട് നിലകള്‍ കൂടി നിർമ്മിച്ച് ആശുപത്രിയുടെ കിടക്കകളുടെ എണ്ണം 125ല്‍ നിന്ന് 250 ആയി ഉയർത്താനും സർക്കാർ പദ്ധതിയിടുന്നുണ്ട്. ആശുപത്രിക്ക് പിന്നിലുള്ള രണ്ട് ഏക്കർ സ്ഥലവും ഭാവിയില്‍ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മിക്കുന്നതിനായി മാറ്റിവെച്ചിട്ടുണ്ട്.

വടക്കൻ ബെംഗളൂരുവിലെ ജനങ്ങള്‍ക്ക് കൂടുതല്‍ മികച്ച ആരോഗ്യസേവനം നല്കുന്ന ഒരു പ്രധാന ചികിത്സാകേന്ദ്രമായി ആശുപത്രിയെ ക്രമേണ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ബൈരെ ഗൗഡ പറഞ്ഞു. 75 കോടി വീതം ചെലവ് പ്രതീക്ഷിക്കുന്ന രണ്ട് പുതിയ 125 കിടക്ക ആശുപത്രികള്‍ക്കാണ് ശിലാസ്ഥാപനം നടത്തിയത്.ഇതില്‍ രണ്ടാമത്തെ ആശുപത്രി ഹെബ്ബാള്‍ നിയമസഭാ മണ്ഡലത്തിലെ മൃഗസംരക്ഷണ-കൃഷി വകുപ്പിന്റെ സ്ഥലത്താണ് നിർമ്മിക്കുന്നത്. ബ്യാതരായണപുര നിയമസഭാ മണ്ഡലത്തിലെ ദീർഘകാലമായുള്ള ആരോഗ്യസൗകര്യങ്ങളുടെ കുറവ് പരിഹരിക്കാൻ പുതിയ ആശുപത്രി സഹായിക്കുമെന്ന് ബൈരെ ഗൗഡ പറഞ്ഞു.എംഎസ് രാമയ്യ കോളേജ്, റിംഗ് റോഡ് പ്രദേശം മുതല്‍ നാരായണപുര അതിർത്തി വരെയും അവിടെ നിന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വരെയും ഈ മണ്ഡലം വ്യാപിച്ചുകിടക്കുന്നു. ഇവിടെ പ്രത്യേക താലൂക്ക് ആസ്ഥാനം ഇല്ലാത്തതിനാല്‍ സാധാരണയായി താലൂക്ക് ആസ്ഥാനങ്ങളില്‍ സർക്കാർ ആശുപത്രികള്‍ സ്ഥാപിക്കുന്ന രീതിയില്‍ വലിയ സർക്കാർ ആശുപത്രി നിർമ്മിക്കുന്നത് ബുദ്ധിമുട്ടായിരുന്നു.
പ്രദേശത്തിന്റെ ഒരു ഭാഗം യെലഹങ്ക താലൂക്കിലും മറ്റൊരു ഭാഗം കെആർ പുരം താലൂക്കിലുമാണ് ഉള്‍പ്പെടുന്നത്. അതിനാല്‍ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവർക്ക് വലിയ സർക്കാർ ആശുപത്രിയുടെ സൗകര്യം ലഭ്യമായിരുന്നില്ല. ഈ കുറവ് മനസിലാക്കി കഴിഞ്ഞ നാല് മുതല്‍ അഞ്ച് വർഷമായി ആശുപത്രിക്കായി തുടർച്ചയായി ശ്രമിച്ചുവരികയായിരുന്നുവെന്നും ആ ശ്രമത്തിന്റെ ഫലമായാണ് ഇപ്പോള്‍ 125 കിടക്കകളുള്ള പൂർണ സൗകര്യങ്ങളോടെയുള്ള സർക്കാർ ആശുപത്രിയുടെ നിർമ്മാണത്തിന് തുടക്കമിട്ടതെന്നും ബൈരെ ഗൗഡ പറഞ്ഞു.താനിസന്ദ്ര, കെംപാപുര, കൊഗിലു, നാഗവാര, ഹെഗ്ഡെനഗർ, ജാലഹൊബ്ലി, മരേനഹള്ളി, സാത്തനൂർ, ബഗലൂർ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും സമീപത്തെ ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലും താമസിക്കുന്നവർക്കും പുതിയ ആശുപത്രി ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരുടെ ചില ചികിത്സാ കാര്യങ്ങളിലെ അപര്യാപ്തത മാറാൻ ഇത് സഹായകരമാവും.ഈ പ്രദേശത്ത് തൊഴിലാളികളും മധ്യവർഗ കുടുംബങ്ങളും വലിയ തോതില്‍ താമസിക്കുന്നുണ്ടെന്നും ഇവർക്ക് സ്വകാര്യ ആശുപത്രികളിലെ ചികിത്സ വലിയ സാമ്പത്തിക ബാധ്യതയാകാറുണ്ടെന്നും മന്ത്രി പറഞ്ഞു. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി സിംഗപുരയില് നിർമ്മിച്ച 60 കിടക്കകളുള്ള ആശുപത്രിയുടെ നിർമ്മാണവും പൂർത്തിയായിട്ടുണ്ടെന്നും അത് ഉദ്ഘാടനത്തിന് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.