Home കർണാടക ബെംഗളൂരു കാമരാജ് നഗര്‍ റോഡിലെ ഗതാഗത നിയന്ത്രണം തുടരുന്നു; കലുങ്ക് പൂര്‍ത്തിയായില്ല, യാത്രക്കാര്‍ ദുരിതത്തില്‍

ബെംഗളൂരു കാമരാജ് നഗര്‍ റോഡിലെ ഗതാഗത നിയന്ത്രണം തുടരുന്നു; കലുങ്ക് പൂര്‍ത്തിയായില്ല, യാത്രക്കാര്‍ ദുരിതത്തില്‍

by ടാർസ്യുസ്

ബെംഗളൂരു: നഗരത്തിലെ പ്രധാന പാതയായ കാമരാജ് റോഡിലെ കലുങ്ക് നിർമ്മാണം നിശ്ചയിച്ച സമയത്തിനകം പൂർത്തിയാകാത്തതോടെ ഗതാഗത നിയന്ത്രണം തുടരുന്നു.കബ്ബണ്‍ റോഡ് ജങ്ഷനില്‍ നിന്ന് കൊമേഴ്സ്യല്‍ സ്ട്രീറ്റ് ജങ്ഷനിലേക്കുള്ള കാമരാജ് റോഡിലൂടെ വാഹനഗതാഗതം പുനഃസ്ഥാപിക്കാൻ 10 ദിവസം കൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് ഏറ്റവും ഒടുവില്‍ വരുന്ന റിപ്പോർട്ടുകള്‍.കാമരാജ് റോഡ്-നള റോഡ് ജങ്ഷനിലെ മഴവെള്ളച്ചാലിന് കുറുകെയുള്ള കലുങ്കിന്റെ നിർമ്മാണമാണ് വൈകുന്നത്. നേരത്തെ നിശ്ചയിച്ച സമയപരിധി കഴിഞ്ഞിട്ട് 10 ദിവസത്തിലേറെയായിട്ടും നിർമാണം പൂർത്തിയായിട്ടില്ല.

കൊമേഴ്സ്യല്‍ സ്ട്രീറ്റ് ജങ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി രണ്ട് മാസം മുമ്പാണ് കബ്ബണ്‍ റോഡ് ജങ്ഷനില്‍ നിന്ന് കൊമേഴ്സ്യല്‍ സ്ട്രീറ്റിലേക്കുള്ള കാമരാജ് റോഡില്‍ ഗതാഗതം പൊലീസ് നിരോധിച്ചത്.മെയില്‍ ട്രാഫിക് പൊലീസ് 60 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ 80 ദിവസത്തിലേറെയായിട്ടും റോഡ് തുറക്കാനായിട്ടില്ല. റോഡ് അടച്ചിട്ടതോടെ കാമരാജ് റോഡിലെ വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം തടസ്സപ്പെട്ടതായി വ്യാപാരികള്‍ പറയുന്നു. നിർമ്മാണം വേഗത്തില്‍ പൂർത്തിയാക്കണമെന്ന് അധികൃതരോടും കരാറുകാരോടും പലതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നാണ് പരാതി.ഓഗസ്‌റ്റ് 15ന് റോഡ് വാഹനഗതാഗതത്തിനായി തുറക്കുമെന്ന് അധികൃതർ ഉറപ്പ് നല്‍കിയിരുന്നെങ്കിലും നിർമ്മാണം പൂർത്തിയാകാത്തതില്‍ പ്രദേശവാസികളും കച്ചവടക്കാരും കടുത്ത അതൃപ്‌തിയിലാണ്.

റോഡ് അടച്ചതിനെ തുടർന്ന് വ്യാപാരം ഗണ്യമായി കുറഞ്ഞതായും കടയുടെ വാടക പോലും നല്‍കാൻ കഴിയാത്ത സാഹചര്യത്തിലായെന്നും അദ്ദേഹം വ്യക്തമാക്കി.കനത്ത മഴയുണ്ടാകുമ്പോള്‍ പ്രത്യേകിച്ച്‌ നള റോഡ് പ്രദേശത്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായാണ് ബെംഗളൂരു സെൻട്രല്‍ സിറ്റി കോർപ്പറേഷൻ കലുങ്ക് നിർമ്മാണം ഏറ്റെടുത്തത്. മഴവെള്ളച്ചാലിന് കുറുകെയുള്ള പഴയ കല്‍ക്കലുങ്ക് പൊളിച്ച്‌ അതിന് പകരം കോണ്‍ക്രീറ്റ് കലുങ്കാണ് ഇവിടെ നിർമ്മിക്കുന്നത്.പദ്ധതിയില്‍ വരുത്തിയ ചില മാറ്റങ്ങളാണ് നിർമാണം വൈകാൻ കാരണമായതെന്ന് അധികൃതർ അറിയിച്ചു.കലുങ്ക് നിർമ്മാണത്തിലെ കാലതാമസത്തിന് പുറമെ മഴവെള്ളച്ചാലില്‍ മലിനജലം കെട്ടിക്കിടക്കുന്നതും പ്രദേശവാസികളെയും വ്യാപാരികളെയും ആശങ്കപ്പെടുത്തുന്നു.

ചാലിലൂടെ മലിനജലം സുഗമമായി ഒഴുകുന്നതിനുള്ള സംവിധാനങ്ങള്‍ തൊഴിലാളികള്‍ ഒരുക്കിയിട്ടില്ലെന്നാണ് പരാതി. വെള്ളം കെട്ടിക്കിടക്കുന്നത് കൊതുകുകളുടെ പ്രജനന കേന്ദ്രമായി മാറിയെന്നും ചാലില്‍ നിന്നുള്ള ദുർഗന്ധം സഹിക്കാനാകാത്ത സ്ഥിതിയാണെന്നും വ്യാപാരികള്‍ പരാതിപ്പെടുന്നു.അതിനിടെ, കൊമേഴ്സ്യല്‍ സ്ട്രീറ്റ് ട്രാഫിക് പോലീസ് ഇൻസ്പെക്‌ടർ കരാറുകാരനെ വിളിച്ചുവരുത്തി നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. 10 ദിവസത്തിനുള്ളില്‍ നിർമ്മാണം പൂർത്തിയാക്കുമെന്നാണ് പുതിയ ഉറപ്പ്. ഗതാഗത നിയന്ത്രണം വ്യാപാരത്തെയും യാത്രക്കാരെയും ഒരുപോലെ ബാധിക്കുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് നിർമ്മാണം പൂർത്തിയാക്കണമെന്നാണ് ആവശ്യം.

You may also like

error: Content is protected !!
Join Our WhatsApp Group