ലോങ് ഡ്രൈവ് എന്നു കേള്‍ക്കുമ്പോള്‍ മനസിലേക്ക് വരുന്നത് തിരക്കുകളില്‍നിന്ന് അകന്ന് നീണ്ട റോഡിലൂടെ ശാന്തമായി യാത്ര ചെയ്യുന്നതാണ്.എന്നാല്‍ ബെംഗളൂരുവില്‍ താമസിക്കുന്നവർക്ക് ലോങ് ഡ്രൈവിന്റെ തുടക്കം തന്നെ ചിലപ്പോള്‍ വലിയൊരു പരീക്ഷണമാണ്. നഗരത്തിന് പുറത്തേക്ക് പോകുന്നതിന് മുമ്പ് തന്നെ മണിക്കൂറുകള്‍ ട്രാഫിക്കില്‍ കുടുങ്ങേണ്ടിവരുന്ന അവസ്ഥയെക്കുറിച്ചുള്ള യുവാവിന്റെ രസകരമായ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ബെംഗളൂരുവില്‍ നിന്ന് ഏകദേശം ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഡ്രൈവിനായി പുറപ്പെട്ടതായിരുന്നു തനയ് എന്ന യുവാവ്. എന്നാല്‍ യാത്രയുടെ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുമ്പ് തന്നെ നഗരത്തില്‍നിന്ന് പുറത്തുകടക്കാൻ ഏകദേശം ഒരു മണിക്കൂർ വേണ്ടിവന്നു. കനത്ത ഗതാഗതക്കുരുക്കാണ് യാത്രയുടെ ആദ്യഘട്ടം തന്നെ ഇത്രയും നീളാൻ കാരണമായത്.ഈ അനുഭവം പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്ത തനയ്, ബെംഗളൂരുവിലെ ട്രാഫിക് കാരണം ‘ലോങ് ഡ്രൈവ്’ എന്ന ആശയം തന്നെ ആകെ മാറിപ്പോയെന്ന് തമാശയായി പറഞ്ഞു. ഒന്നര മണിക്കൂർ മാത്രം ഡ്രൈവ് ചെയ്യാനായിരുന്നു പദ്ധതിയെങ്കിലും അതിന്റെ വലിയൊരു ഭാഗം നഗരത്തിന് പുറത്തുകടക്കാനാണ് ചെലവായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതോടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി.’ബെംഗളൂരുവില്‍ നിന്ന് പുറത്തുകടക്കുക എന്നത് തന്നെയാണ് വലിയൊരു ചലഞ്ച്’ എന്ന യുവാവിന്റെ അനുഭവത്തോട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ യോജിച്ചത്. നഗരത്തിലെ ട്രാഫിക്കിനെക്കുറിച്ച് സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ചവരും നിരവധിയാണ്. ചെറിയൊരു യാത്ര പോലും മണിക്കൂറുകള്‍ നീളുന്ന ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിനെ നർമത്തില്‍ അവതരിപ്പിച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.