ചൂടുകാലത്ത് ദാഹമകറ്റാൻ പലരും ആദ്യം തേടുന്നത് കരിക്കിൻ വെള്ളമാണ്. നാട്ടിൻപുറങ്ങളില്‍ സാധാരണയായി ലഭിക്കുന്ന ഈ പാനീയത്തിന് നഗരങ്ങളില്‍ വില കൂടുന്നത് പലപ്പോഴും ചർച്ചയാകാറുണ്ട്.ഇപ്പോഴിതാ ബെംഗളൂരുവിലെ കരിക്കിൻ വെള്ളത്തിന്റെ വിലയെക്കുറിച്ചുള്ള ഒരു സംരംഭകന്റെ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ പുതിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്.സംരംഭകനായ പരിത്ഷ് ശർമയാണ് എക്സില്‍ ബെംഗളൂരുവിലെയും മറ്റ് നഗരങ്ങളിലെയും കരിക്കിൻ വെള്ളത്തിന്റെ വില താരതമ്യം ചെയ്ത് കുറിപ്പ് പങ്കുവെച്ചത്.
ഡല്‍ഹിയിലും എൻസിആറിലും ഒരു കരിക്കിന് ഏകദേശം 60 രൂപയും പൂനെയില്‍ 50 മുതല്‍ 70 രൂപ വരെയുമാണ് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ബെംഗളൂരുവില്‍ അതേ കരിക്കിന് 100 മുതല്‍ 120 രൂപ വരെ നല്‍കേണ്ടിവന്നതായും അദ്ദേഹം വ്യക്തമാക്കി.ബെംഗളൂരു കടല്ത്തീരത്തോടും കരിക്കിന്റെ പ്രധാന ഉല്‍പ്പാദന കേന്ദ്രങ്ങളോടും കൂടുതല്‍ അടുത്തായിട്ടും വില ഇത്രയും കൂടുതലാകുന്നത് എന്തുകൊണ്ടാണെന്നായിരുന്നു സംരംഭകന്റെ ചോദ്യം. വാടക, യാത്ര, ഭക്ഷണം, മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവയ്ക്കെല്ലാം ഉയർന്ന വില നല്‍കുന്നത് നഗരവാസികള്‍ക്ക് പതിവായതിനാലാണ് കരിക്കിൻ വെള്ളത്തിനും അമിതവില ഈടാക്കുന്നതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ഇതോടെയാണ് ‘ബെംഗളൂരുവുകാർ ചൂഷണം ചെയ്യപ്പെടുകയാണോ?’ എന്ന ചർച്ചയും ഉയർന്നത്.എന്നാല്‍ സംരംഭകന്റെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചില്ല. ചിലർ ഡല്‍ഹി-എൻസിആറില്‍ താൻ പറഞ്ഞതിലും ഉയർന്ന വിലയാണ് കരിക്കിൻ വെള്ളത്തിന് നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടി. ബെംഗളൂരുവിലെ ചിലയിടങ്ങളില്‍ 70 മുതല്‍ 80 രൂപയ്ക്ക് കരിക്കിൻ വെള്ളം ലഭിക്കുമെന്നും മറ്റുചിലർ പ്രതികരിച്ചു. വിവിധ നഗരങ്ങളിലെ കരിക്കിൻ വെള്ളത്തിന്റെ വില താരതമ്യം ചെയ്തുള്ള ഈ ചർച്ച ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.