ന്യൂഡല്‍ഹി: താലിബാന്‍ പിടിയിലായ അഫ്ഗാനിസ്താനില്‍ കുടുങ്ങിയ 222 ഇന്ത്യന്‍ പൗരന്മാര്‍ തിരിച്ചെത്തി. തജികിസ്താന്‍ നിന്നും ഖത്തറില്‍ നിന്നും പ്രത്യേക വിമാനങ്ങളിലാണ് ഇവര്‍ എത്തിയത്.
ഇന്നലെ കാബൂളില്‍ നിന്ന് 87 പേരെ വ്യോമസേന വിമാനത്തില്‍ തജികിസ്താനില്‍ എത്തിച്ചിരുന്നു. ഇവരെയാണ് ഇന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിലെത്തിയത്.
സംഘത്തില്‍ രണ്ടു നേപ്പാള്‍ പൗരന്മാരും ഉണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കാബൂളില്‍ നിന്ന് വിമാനമാര്‍ഗം 135 പേര്‍ ഖത്തറിലെ ദോഹയിലേക്ക് പോയിരുന്നു. ഇവരെയാണ് മറ്റൊരു വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചത്.
വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ അയച്ച് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നീക്കത്തിലാണ് വിദേശകാര്യ മന്ത്രാലയം. തജികിസ്താന്‍ വ്യോമതാവളം കേന്ദ്രീകരിച്ച് വ്യോമസേനയുടെ സി-17 യുദ്ധവിമാനം, സി-130 ജെ യാത്രാ വിമാനം, എയര്‍ ഇന്ത്യ വിമാനം എന്നിവയാണ് ആളുകളെ തിരിച്ചെത്തിക്കാനായി ഉപയോഗിക്കുന്നത്.