ബംഗളൂരു: മസൂരു -ബംഗളൂരു എക്സ്പ്രസ് വേയുടെ നിര്‍മാണ പ്രവൃത്തി സെപ്റ്റംബറില്‍ പൂര്‍ത്തിയാവുമെന്ന് പ്രതാപ് സിംഹ എം.പി അറിയിച്ചു.
മൈസൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറുവരിപ്പാത ദസറക്ക് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പാതയുടെ ഇരുവശവും േവലികെട്ടി തിരിക്കുമെന്നതിനാല് നിശ്ചിത വഴികളിലൂടെയല്ലാതെ പാതയില്‍ ആര്‍ക്കും പ്രവേശനമുണ്ടാവില്ല. അനധികൃതമായി വാഹനങ്ങളും കാല്‍നടക്കാരും കന്നുകാലികളും പാതയില്‍ പ്രവേശിക്കുന്നത് തടയും. മൈസൂരു കഴിഞ്ഞാല്‍ ശ്രീരംഗപട്ടണ, മദ്ദൂര്‍, മാണ്ഡ്യ, ചന്നപട്ടണ, ബിഡദി എന്നിവിടങ്ങളിലായാണ് എന്‍ട്രി, എക്സിറ്റ് പോയന്റുകള്‍ സജ്ജീകരിക്കുക.
പാത പൂര്‍ത്തിയാവുന്നതോടെ മൈസൂരുവില്‍നിന്ന് ബംഗളൂരുവിലേക്കുള്ള യാത്ര സമയം ഗണ്യമായി കുറയും. നിലവില്‍ ബംഗളൂരു- മൈസൂരു യാത്രക്ക് ശരാശരി മൂന്നുമണിക്കൂറാണ് ദൈര്‍ഘ്യം. ഇത് വെറും ഒന്നര മണിക്കൂറായി കുറക്കാനാവുമെന്ന് എം.പി ചൂണ്ടിക്കാട്ടി. ആകെ 118 കിലോമീറ്ററാണ് പാത. ഇതില്‍ ബിഡദി, ഗണഞ്ചൂര് എന്നിവിടങ്ങളില്‍ ടോള്‍ ഗേറ്റുകള്‍ സ്ഥാപിക്കും.
എക്സ്പ്രസ് പാതയുടെ നിര്‍മാണത്തില്‍ അശാസ്ത്രീയതയുള്ളതായി മാണ്ഡ്യ എം.പി സുമലത അംബരീഷ് ആരോപണമുന്നയിച്ചത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ഗണഞ്ചൂരില് ദേശീയ പാത അതോറിറ്റി ലാബ് സജ്ജമാക്കിയിട്ടുണ്ടെന്നും ഒറ്റക്കോ വിദഗ്ധര്ക്കൊപ്പമോ എം.പിക്ക് അവിടം സന്ദര്‍ശിക്കാമെന്നും പ്രതാപ് സിംഹ പറഞ്ഞു.മൈസൂരു- ബംഗളൂരു എക്സ്പ്രസ് വേ എന്നത് ബംഗളൂരു- മാണ്ഡ്യ ഹൈവേ അല്ലെന്നും അദ്ദേഹം സുമലത എം.പിയെ കളിയാക്കി. മൈസൂരു- ടി. നരസിപുര റോഡ് വൈകാതെ നാലുവരിയാക്കുമെന്നും മൈസൂരു- മടിക്കേരി പാതയും വികസിപ്പിക്കുമെന്നും പ്രതാപ് സിംഹ പറഞ്ഞു.