Home കർണാടക എസ്.ഐ.ആറിന്റെ പേരിൽ പുതിയ തട്ടിപ്പ്; ‘ഫോം പരിശോധന അപൂർണം’ എന്ന് പറഞ്ഞ് വയോധികനിൽ നിന്ന് തട്ടിയത് മൂന്നര ലക്ഷം രൂപ

എസ്.ഐ.ആറിന്റെ പേരിൽ പുതിയ തട്ടിപ്പ്; ‘ഫോം പരിശോധന അപൂർണം’ എന്ന് പറഞ്ഞ് വയോധികനിൽ നിന്ന് തട്ടിയത് മൂന്നര ലക്ഷം രൂപ

by ടാർസ്യുസ്

ബെംഗളൂരു: എസ്.ഐ.ആര്‍. വെരിഫിക്കേഷന്‍ എന്ന വ്യാജേന തട്ടിപ്പ് നടത്തി വയോധികനില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കലാക്കി തട്ടിപ്പുസംഘം.തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന സന്ദേശമയച്ച്‌, വ്യാജ ആപ്പും ക്യു.ആര്‍. കോഡും ഉപയോഗിച്ച്‌ ബെംഗളൂരുവില്‍ 82-കാരന്റെ അക്കൗണ്ടില്‍ നിന്ന് 3.49 ലക്ഷം രൂപ കവര്‍ന്നു. ബെംഗളൂരുവിലെ റുസ്തംബാഗ് സ്വദേശിയായ ആര്‍. പാര്‍ത്ഥസാരഥിയാണ് തട്ടിപ്പിനിരയായത്.എസ്.ഐ.ആര്‍. ഫോം പരിശോധന അപൂര്‍ണ്ണമാണെന്നും വോട്ടര്‍ രജിസ്‌ട്രേഷനില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇത് ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടാണ് ഇദ്ദേഹത്തിന് ഫോണ്‍ കോള്‍ ലഭിച്ചത്. തുടര്‍ന്ന് വെരിഫിക്കേഷനായി അഞ്ച് രൂപയുടെ പ്രൊസസിങ് ഫീ നല്‍കാന്‍ ആവശ്യപ്പെടുകയും വ്യാജ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. പണമടയ്ക്കല്‍ പരാജയപ്പെട്ടപ്പോള്‍ തട്ടിപ്പുകാര്‍ വാട്സാപ്പ് വഴി ക്യു.ആര്‍. കോഡ് അയച്ചുനല്‍കി.

ഈ വ്യാജ ആപ്പും ക്യു.ആര്‍. കോഡും വഴിയാണ് തട്ടിപ്പുകാര്‍ വൃദ്ധന്റെ ഫോണിന്റെയും ബാങ്കിങ് വിവരങ്ങളുടെയും പൂര്‍ണ്ണ നിയന്ത്രണം കൈക്കലാക്കിയത്. തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡ് വഴി അനധികൃത ഇടപാടുകള്‍ നടത്തി പണം തട്ടിയെടുക്കുകയായിരുന്നു. സംഭവത്തില്‍ ജീവന്‍ ഭീമ നഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.രാജ്യത്ത് പലയിടത്തും എസ്.ഐ.ആര്‍. പരിശോധന നടക്കുന്നതിനാല്‍ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്നതായി സൈബറാബാദ് പോലീസും സൈബര്‍ വിദഗ്ധരും മുന്നറിയിപ്പ് നല്‍കി. വ്യക്തിവിവരങ്ങളോ രേഖകളോ ഒ.ടി.പിയോ പണമോ ഇത്തരത്തില്‍ ആര്‍ക്കും കൈമാറരുതെന്നും, ഔദ്യോഗിക സര്‍ക്കാര്‍ മാര്‍ഗ്ഗങ്ങളിലൂടെയല്ലാതെ വാട്സാപ്പ് വഴിയോ അപരിചിതമായ ലിങ്കുകള്‍ വഴിയോ വോട്ടര്‍ പട്ടിക പരിശോധന നടക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ‘1930’ എന്ന ദേശീയ സൈബര്‍ ക്രൈം ഹെല്‍പ്പ്ലൈനില്‍ ബന്ധപ്പെടണമെന്നും പോലീസിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group