ബംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ നിരവധി വിദ്യാലയങ്ങള്‍ക്ക് ചൊവ്വാഴ്ച ബോംബ് ഭീഷണി ഇ മെയില്‍ സന്ദേശം ലഭിച്ചു.പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാജമാണെന്ന് അറിവായി. ബംഗളൂരു സ്കോട്ടീഷ്, ബംഗളൂരു പ്രസ്, ചിത്രകോട്ട, ദീക്ഷ, എഡിഫി, ഗംഗോത്രി ഇന്റർ നാഷണല്‍ പബ്ലിക്, ഗിരിധാവന, ജെയിൻ ഹെറിറ്റേജ് എന്നീ സ്കൂളുകള്‍ക്കാണ് മെയിലില്‍ ഭീഷണി ലഭിച്ചത്. ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെ പരിശോധന നടത്തിയെങ്കിലും എവിടെയും ബോംബ് കണ്ടെത്താനായില്ല. ‘ഞാൻ കെട്ടിടത്തിനകത്ത് ബോംബ് വെച്ചിട്ടുണ്ട്. അടുത്ത മണിക്കൂറുകളില്‍ സ്ഫോടനം സംഭവിക്കും. അതിനകം നിർവീര്യമാക്കാൻ കഴിഞ്ഞില്ലെങ്കില്‍ നിരപരാധികളുടെ രക്തം നിന്റെ കൈയില്‍ പുരളും…’ എന്നാണ് സന്ദേശം.