ബെംഗളൂരു: സവാളച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 750 കിലോഗ്രാം ചന്ദനം ബെംഗളൂരുവിൽ പോലീസ് പിടികൂടി. നാല് പേരെ അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശിലെ കർണൂൽ സ്വദേശികളായ അബ്ദുൽകലാം (47), രാമ ഭോപാൽ(40), ഷെയ്ഖ് ഷാരൂക്(31), പരമേഷ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആന്ധ്രപ്രദേശിൽനിന്ന് കടത്തിക്കൊണ്ടുവന്ന ചന്ദനമാണ് പിടികൂടിയത്. 1.12 കോടി രൂപ വിലവരുന്ന ചന്ദനമാണിത്.ചന്ദനക്കള്ളക്കടത്ത് നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവിലെ സോമേശ്വര നഗറിൽ പോലീസ് നടത്തിയ വാഹനപരിശോധനക്കിടെയാണ് പിടികൂടിയതെന്ന് സിറ്റി പോലീസ് കമ്മിഷണർ സീമന്ദ്കുമാർ സിങ് അറിയിച്ചു.സവാള കടത്തുന്ന ലോറിയിലാണ് ചന്ദനം കടത്തിക്കൊണ്ടുവന്നത്. സവാളച്ചാക്കുകൾക്കിടയിൽ 18 ചാക്കുകളിൽ ചന്ദനക്കഷണങ്ങൾ നിറച്ച് ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു. 258 ചന്ദനക്കഷണങ്ങളാണ് പിടികൂടിയത്.ചന്ദനത്തിന്റെ മണം പുറത്തുവരാതിരിക്കാനാണ് സവാളച്ചാക്കുകൾക്കിടയിൽ ഇവ ഒളിപ്പിച്ചുവെച്ചതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. ചന്ദനം ആർക്കു കൈമാറാനാണ് കടത്തിക്കൊണ്ടുവന്നതെന്ന് പോലീസ് അന്വേഷിച്ചുവരുകയാണ്.