കർണാടകയില്‍ തെരുവുനായകളുടെ കൂട്ടത്തോടെയുളള ആക്രമണത്തില്‍ 70-കാരന് ദാരുണാന്ത്യം. ബെംഗളൂരു സ്വദേശിയായ സീതപ്പയാണ് മരിച്ചത്.കൊടിഗഹല്ലിയിലെ വീടിന് പുറത്ത് ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. രാത്രി ഉറക്കംവരാത്തതിനാല്‍ നടക്കാനിറങ്ങിയതായിരുന്നു സീതപ്പ. തുടർന്നാണ് എട്ടോളം തെരുവുനായകള്‍ ഉള്‍പ്പെടുന്ന സംഘം സീതപ്പയെ ആക്രമിച്ചത്.ബഹളം കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങളാണ് സീതപ്പയെ തെരുവുനായകള്‍ കൂട്ടംചേർന്ന് ആക്രമിക്കുന്നത് കണ്ടത്. കൈക്കും കാലിനും മുഖത്തും ഗുരുതരമായ പരിക്കുകളോടെയാണ് സീതപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രിയില്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊടിഗഹല്ലി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങളറിയാൻ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ് പോലീസ്.അടുത്തിടെ തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കാനായി ഒരു പദ്ധതി ബൃഹത് ബെംഗളൂരു മുനിസിപ്പല്‍ പരിഷദ് (ബിബിഎംപി) ആവിഷ്കരിച്ചിരുന്നു. 2.9 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി 4,000 മുതല്‍ 5,000 വരെ തെരുവുനായകള്‍ക്ക് പ്രതിദിനം ഭക്ഷണം നല്‍കുന്നതിന് ലക്ഷ്യമിട്ടുള്ളതാണ്. തെരുവുനായകളുടെ ആക്രമണസ്വഭാവം കുറയ്ക്കുക എന്ന ലക്ഷ്യംകൂടി ഈ പദ്ധതിക്ക് പിന്നിലുണ്ട്. എന്നാല്‍, ഇതിനെതിരെ വിമർശനങ്ങളുയർന്നിരുന്നു.