സമൂഹ മാധ്യമത്തില്‍ പരിചയപ്പെട്ടയാളെ കാണാൻ തമിഴ്നാട്ടിലേക്ക് പോയ പെണ്‍കുട്ടിയെയും ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത ആറ് പേരെയും തിരികെ എത്തിച്ചു.പൊലീസിന്‍റെ സമയോചിത ഇടപെടലിനെ തുടർന്നാണ് തിരികെയെത്തിച്ചത്. അണക്കരയില്‍ നിന്നാണ് തിങ്കളാഴ്ച ഏഴ് പേർ തമിഴ്നാട്ടിലേക്ക് പോയത്. കടയില്‍ പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു കുട്ടികള്‍. തമിഴ്നാട്ടിലെ തേനിയില്‍ നിന്നുമാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്.സ്കൂള്‍ വിദ്യാർഥികള്‍ അടക്കമുള്ള സംഘമാണ് ഉച്ചകഴിഞ്ഞ് അണക്കരക്ക് സമീപം ഇവരുടെ വീടുകളില്‍ നിന്നും നാടുവിട്ടു പോയത്.
വൈകുന്നേരത്തോടെ വീട്ടുകാർ വണ്ടൻമേട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടർന്ന് പോലീസും ബന്ധുക്കളും ചേർന്ന് നടത്തിയ തെരച്ചിലില്‍ തമിഴ്നാട്ടിലെ തേനി ബസ് സ്റ്റാൻഡിന് സമീപത്തുനിന്നും കുട്ടികളെ കണ്ടെത്തുകയായിരുന്നു. കുട്ടികളില്‍ ഒരാള്‍ പ്രായപൂർത്തിയായ ആളാണ്.സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട അടുപ്പത്തിലായ യുവാവിനെ കാണുന്നതിന് വേണ്ടിയാണ് ഈ പെണ്‍കുട്ടി തമിഴ്നാടിന് പോയതെന്ന് വീട്ടുകാർ പറഞ്ഞു. ഈ പെണ്‍കുട്ടിക്ക് പിന്നാലെ ബന്ധുക്കളും അയല്‍വാസികളുമായ മറ്റ് ആറ് കുട്ടികള്‍ കൂടി തമിഴ്നാട്ടിലേക്ക് പുറപ്പെടുകയായിരുന്നു.
ആറംഗസംഘം തമിഴ്നാടിന് പോയത് എന്തിനാണ് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കുട്ടികളുടെ കുടുംബങ്ങളില്‍ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്ന് ബന്ധുക്കള്‍ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.