ചെന്നൈ : മെട്രോ വികസനത്തിന്റെ രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായുള്ള പൂനമല്ലി-പോരൂര്‍ പാതയില്‍ 6 മിനിട്ടിന്റെ ഇടവേളയില്‍ ട്രെയിന്‍ സര്‍വീസ് ഉറപ്പുവരുത്താന്‍ CMRL. ചെന്നൈ മെട്രോ റെയില്‍ ഇടനാഴി 4ല്‍ (പൂനമല്ലി – ലൈറ്റ് ഹൗസ് വഴി പോരൂര്‍) പൂനമല്ലി മുതല്‍ പോരൂര്‍ വരെയുള്ള ഒമ്ബത് കിലോമീറ്റര്‍ ഭാഗത്ത് 2026 ജനുവരിയോടെയാണ് സര്‍വീസ് ആരംഭിക്കുന്നത്.ഈ റൂട്ടില്‍ മൂന്ന് കോച്ചുകളുള്ള 13 ട്രെയിനുകളാണ് സര്‍വീസ് നടത്തുകയെന്ന് ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡ് (CMRL) അധികൃതര്‍ അറിയിച്ചു. ഇതിനായി ഏകദേശം 30 ഓപ്പറേറ്റര്‍മാരുടെ സംഘത്തെ നിയോഗിക്കും.ഈ ട്രെയിനുകള്‍ ഡ്രൈവറില്ലാതെ ഓടിക്കാന്‍ രൂപകല്‍പ്പന ചെയ്തവയാണ്. പക്ഷേ ആദ്യ ഘട്ടത്തില്‍ ഡ്രൈവറെ വെച്ചാണ് സര്‍വീസ് സാധ്യമാക്കുക.
54 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒന്നാം ഘട്ടത്തില്‍ നാല് കോച്ചുകളുള്ള 45 ട്രെയിനുകള്‍ ആറ് മിനിട്ടിന്റെ ഇടവേളയില്‍ സര്‍വീസ് നടത്തുന്നുണ്ട്.വാഷര്‍മാന്‍പേട്ടയ്ക്കും അലന്ദൂരിനുമിടയില്‍ മൂന്ന് മിനിട്ട് ഇടവിട്ടും ചെന്നൈ സെന്‍ട്രല്‍ മുതല്‍ എയര്‍പോര്‍ട്ട് വരെയും സെന്‍ട്രല്‍ മുതല്‍ സെന്റ് തോമസ് മൗണ്ട് വരെയും 12 മിനിട്ട് ഇടവിട്ടുമാണ് നിലവില്‍ ട്രെയിനുകള്‍ ഓടുന്നത്.118.9 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള രണ്ടാം ഘട്ട നെറ്റ്‌വർക്കിന്റെ നടത്തിപ്പിനായി കരാര്‍ നേടിയ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍, സ്റ്റേഷന്‍ സൗകര്യങ്ങള്‍ കൈകാര്യം ചെയ്യാനായി തങ്ങളുടെ ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്.ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി വരികയാണെന്നും ട്രയല്‍ റണ്‍ നടത്താന്‍ തയ്യാറെടുക്കുകയാണെന്നും ഒരു CMRL ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒന്നാം ഘട്ടത്തിലെ വലിയ സ്റ്റേഷനുകളില്‍ നിന്ന് വ്യത്യസ്തമായി, പുതിയ സ്റ്റേഷനുകള്‍ ചെറുതായിരിക്കും.ഒന്നാം ഘട്ടത്തിലേത് പോലെ, യാത്രക്കാര്‍ക്ക് നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡും ക്യുആര്‍ കോഡ് ടിക്കറ്റുകളും ഉപയോഗിക്കാം. ഒന്നാം ഘട്ട നെറ്റ്‌വർക്കില്‍ ലഭ്യമല്ലാത്ത ഹാഫ്-ഹൈറ്റ് പ്ലാറ്റ്ഫോം സ്‌ക്രീന്‍ ഡോറുകളും പൂനമല്ലി-പോരൂര്‍ റൂട്ടിലെ സ്റ്റേഷനുകളില്‍ ഉണ്ടാകും.