ബെംഗളൂരു:ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന് കരുതുന്ന അഞ്ചംഗ സംഘം ബെംഗളൂരുവിൽ അറസ്റ്റിൽ. ബെംഗളൂരു സ്വദേശികളായ സൈദ് സുഹേൽ ഖാൻ(24), മുഹമ്മദ് ഉമർ(29), ശാഹിദ് തബ്രേസ്(25), സൈദ് മുദസിർ പാഷ(28), മുഹമ്മദ് ഫൈസൽ(30) എന്നിവരെയാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. പ്രതികളിലൊരാൾ വിദേശത്തേക്ക് കടന്നതായാണ് സൂചന. അറസ്റ്റിലായവരിൽനിന്ന് ഏഴ് നാടൻ തോക്കുകളും 45 വെടിയുണ്ടകളും 12 മൊബൈൽ ഫോണും വാക്കിടോക്കി സെറ്റുകളും കഠാരയും പിടിച്ചെടുത്തു. നഗരത്തിലെ സുൽത്താൻപാളയ്ക്കു സമീപമുള്ള കനകനഗർ ഭാഗത്തെ ഒരു വീട്ടിൽ ബുധനാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് ഇവർ പിടിയിലായത്.
2008-ലെ ബെംഗളൂരു സ്ഫോടനക്കേസിലെ പ്രതിയായ തടിയന്റവിട നസീറുമായി ബന്ധമുള്ളവരാണിവരെന്ന് സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ് പറഞ്ഞു. 2017-ൽ ബെംഗളൂരുവിലെ ആർ.ടി. നഗറിൽ ബിസനസുകാരനായ നൂർ അഹമ്മദിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായി ഇവർ ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെത്തിയിരുന്നു. ഇവിടെനിന്നാണ് നസീറുമായി ബന്ധം സ്ഥാപിക്കുന്നത്.
2007-ലെ കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലെ മുഖ്യപ്രതിയാണ് തടിയന്റവിട നസീർ. ബെംഗളൂരു ആർ.ടി. നഗർ സ്വദേശിയും തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ജുനൈദും ഈ സംഘത്തിലുണ്ട്. ആർ.ടി. നഗർ കൊലക്കേസിൽ ജുനൈദും പ്രതിയാണ്. ഇയാൾ വിദേശത്തേക്ക് കടന്നതായാണ് സൂചന. ഇയാളാണ് ആക്രമണ പദ്ധതി തയ്യാറാക്കിയതെന്നും സംഘത്തിന് ആയുധങ്ങളെത്തിച്ചു നൽകിയതെന്നും പോലീസ് പറഞ്ഞു. 2020-ൽ ജുനൈദ് മറ്റൊരു കേസിൽ പ്രതിയായി അഞ്ചുമാസത്തോളം സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്നു.
തിവ്രവാദക്കേസിൽ സെൻട്രൽ ജയിലിൽ കഴിയുന്ന തടിയന്റവിട നസീറിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. സംഭവത്തിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കേസ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.)അന്വേഷിക്കണമെന്നും മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആവശ്യപ്പെട്ടു.
അബ്ദുള്‍ നാസര്‍ മദനി ഇന്ന് കേരളത്തിലേക്ക് മടങ്ങുന്നു
ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് വരുത്തിയതോടെ ബംഗളൂരു വിടാന്‍ കഴിഞ്ഞ അബ്ദുള്‍ നാസര്‍ മദനി ഇന്ന് നാട്ടിലേക്ക് പുറപ്പെടും. മദനിയ്ക്ക് നാട്ടിലേക്ക് പോകാൻ വിചാരണകോടതി അനുമതി ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തേക്കാണ് ഇന്ന് രാവിലെ മദനി എത്തുന്നത്. സുപ്രീംകോടതി ഉത്തരവിന്‍റെ പകര്‍പ്പ് വിചാരണക്കോടതിയില്‍ ഹാജരാക്കിയിരുന്നു വ്യാഴാഴ്ച രാവിലെ 9 മണിക്കാണ് ബെംഗളുരുവില്‍ നിന്ന് വിമാനം പുറപ്പെടുക. അവിടെ നിന്ന് കാര്‍ മാര്‍ഗം അൻവാര്‍ശ്ശേരിക്ക് പോകും.
മദനിക്കൊപ്പം കുടുംബവും പിഡിപി പ്രവര്‍ത്തകരുമുണ്ടാകും.ചികിത്സയുടെ കാര്യം ഇത് വരെ തീരുമാനിച്ചിട്ടില്ലെന്നും, അച്ഛനെ കാണുകയും കൂടെ സമയം ചിലവഴിക്കുകയും ചെയ്യുക എന്നതിനാണ് പ്രാധാന്യമെന്നാണ് കുടുംബം വ്യക്തമാക്കിയത്. 15 ദിവസത്തില്‍ ഒരിക്കല്‍ വീടിനടുത്തെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.