ബെംഗളൂരു: നഗരത്തിലെ 8 തടാകങ്ങൾ നവീകരിക്കാൻ ബിബിഎംപിക്ക് 42 കോടി രൂപയുടെ സഹായം. തടാക സംരക്ഷണ വകുപ്പാണ് ബിബിഎംപിക്ക് തുക കൈമാറുന്നത്.
കെആർപുരം, പുളിമാവ്, നായന്ത ഹള്ളി,കൈകൊണ്ടന ഹള്ളി,അമൃതഹള്ളി, കെങ്കേരി, റാച്ചേനഹള്ളി, ബെന്നിഗനഹള്ളി തടാകങ്ങളാണ് നവീകരിക്കുന്നത്. ബെന്നിഗനഹള്ളിയിൽ മലിനജല സംസ്കരണ പ്ലാന്റ് (എസ്ടിപി) സ്ഥാപിക്കാൻ 2.84 കോടി രൂപയും അനുവദിക്കും.നവീകരണ പ്രവൃത്തികൾക്കുള്ള ടെൻഡർ നടപടികൾ 2 ആഴ്ചക്കുള്ളിൽ ആരംഭിക്കുമെന്ന് ബിബിഎംപി കമ്മിഷണർ ഗൗരവ് ഗുപ്ത പറഞ്ഞു.
മലിനീകരണം രൂക്ഷമായ തടാകങ്ങളാണ് ആദ്യഘട്ടത്തിൽ നവീകരിക്കുന്നത്. നേരത്തെ 25 തടാകങ്ങളുടെ നവീകരണത്തിന് മുഖ്യമന്ത്രിയായിരുന്ന യെഡിയൂരപ്പ 130 കോടിരൂപ അനുവദിച്ചിരുന്നു. ഇതിൽ 9 തടാകങ്ങളുടെ നവീകരണം അടുത്ത വർഷം ആദ്യം പൂർത്തിയാകും.