ബെംഗളൂരു: കർണാടക സർക്കാരിൻ്റെ വൻ പദ്ധതികളിലൊന്നായ ബെംഗളൂരു നഗരത്തിലെ ഗതാഗതം സുഗമമാക്കാനുള്ള ടണൽ റോഡ് പദ്ധതിയുടെ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) റെഡി. രണ്ട് ഇടനാഴികൾ ഉൾപ്പെടുന്ന പദ്ധതിയിക്ക് ആകെ 40 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. പദ്ധതിയിൽ രണ്ട് ഇടനാഴികളാണ് ഉൾപ്പെടുന്നത്. ഹെബ്ബാൾ മേൽപ്പാലത്തെ സിൽക്ക് ബോർഡ് ജങ്ഷനുമായി ബന്ധിപ്പിക്കുന്ന 18 കിലോമീറ്റർ ഇടനാഴിയും കെആർ പുരത്തെ മൈസൂർ റോഡുമായി ബന്ധിപ്പിക്കുന്ന 22 കിലോമീറ്റർ ഇടനാഴിയും ഉൾപ്പെടുന്നതാണ് ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാനുള്ള വൻ പദ്ധതിയാണ് ഇരട്ട ടണൽ റോഡ്.
ഇരട്ട തുരങ്കപാത നിർമാണത്തിന് വൻ തുക ചെലവാകുമെന്ന നിഗമനത്തിലാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി). 40 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിക്കായി 19,000 കോടി രൂപ വായ്പ സ്വീകരിക്കാൻ ബിബിഎംപി നീക്കം ആരംഭിച്ചിരുന്നു. ടണൽ റോഡ് പദ്ധതിക്കായി 19,000 കോടി രൂപ കടമെടുക്കുന്നതിൽ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. എന്നാൽ സ്വകാര്യ നിക്ഷേപം ഉപയോഗിച്ച് പദ്ധതി പൂർത്തിയാക്കാനുള്ള ശ്രമമാണ് ബിബിഎംപി നടത്തുന്നത്.
ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെയുള്ള ഭാഗമാകും ടണൽ റോഡ് പദ്ധതിയുടെ ഒന്നാം ഘട്ടം. ഭൂമി ഏറ്റെടുക്കൽ ഒഴികെയുള്ള ആദ്യഘട്ട പദ്ധതിക്ക് 16,500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ, 6,500 കോടി രൂപ വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗായി (വിജിഎഫ്) നൽകുമെന്നാണ് ബിബിഎംപി പ്രതീക്ഷിക്കുന്നത്. ബാക്കി തുക സ്വകാര്യ കമ്പനികളിൽ നിന്ന് കണ്ടെത്തിയേക്കും. രണ്ടാം ഘട്ടത്തിൽ കെആർ പുരം മുതൽ നായണ്ടഹള്ളി വരെയാണ് നിർമാണം. ഇതിനായി 25,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
സ്വകാര്യ നിക്ഷേപം ഉപയോഗിച്ച് തുരങ്കത്തിൻ്റെ ഒരു ഭാഗം നിർമിക്കാനാണ് ബിബിഎംപി ലക്ഷ്യമിടുന്നത്. പദ്ധതിക്ക് ചെലവ് കൂടുതലായതിനാൽ വിവിധ ഏജൻസികൾ പഠനം നടത്തിയിരുന്നു. ഇരട്ട ടണൽ ഒഴിവാക്കി സിംഗിൾ ടണൽ റോഡ് മാതൃകയിൽ നിർമാണം നടത്തിയാൽ ചെലവ് കുറയുമെന്ന് ഒരു കൺസൾട്ടൻ്റ് നടത്തിയ സാധ്യതാ പഠനത്തിൽ വ്യക്തമായിരുന്നു. എന്നാൽ ഭാവിയിൽ ഉണ്ടാകാൻ പോകുന്ന ഗതാഗതത്തിരക്കും വാഹനങ്ങളുടെ എണ്ണവും കണക്കിലെടുത്ത് ഇരട്ട ടണൽ റോഡ് എന്ന ആശയവുമായി മുന്നോട്ട് പോകാൻ ബിബിഎംപി തീരുമാനിക്കുകയായിരുന്നു.
40 കിലോമീറ്റർ ദൈർഘ്യമുള്ള ടണൽ റോഡ് പദ്ധതി പൂർത്തിയാകുന്നതോടെ ബെംഗളൂരു നഗരത്തിലെ ഗതാഗത പ്രശ്നം പരിഹരിക്കാനാകുമെന്ന വിലയിരുത്തലിലാണ് ബിബിഎംപി. യാത്രാ സമയം കുറയ്ക്കുന്നതിനും ബ്ലോക്ക് ഇല്ലാതാക്കുന്നതിനും സഹായിക്കും. അതേസമയം, പദ്ധതിയുടെ ഡിപിആർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ബൃഹത് ബെംഗളൂരു മഹാനഗര പാലിക പുറത്തുവിട്ടിട്ടില്ല.