ബെംഗളൂരു: പാര്‍ക്കിങ് ഏരിയകളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച ആന്ധ്രപേദേശ് സ്വദേശി അറസ്റ്റില്‍. പ്രതിയുടെ കയ്യില്‍ നിന്നും 30 ലക്ഷം രൂപ വിലമതിക്കുന്ന 40 ബൈക്കുകളാണ് കണ്ടെത്തിയത്.ചൊവ്വാഴ്ചയാണ് 42 വയസുകാരനായ രവി കുമാറിനെ ബെംഗളൂരു പൊലീസ് പിടികൂടിയത്.ആന്ധ്രപ്രദേശില്‍ ചന്ദനക്കടത്ത് കേസിലും രവി കുമാര്‍ പ്രതിയാണ്. പ്രതിയില്‍ നിന്നും കണ്ടെടുത്ത 11 ബൈക്കുകളുടെ ഉടമകളെ ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവില്‍ താമസക്കാരനായ രവികുമാര്‍ പാര്‍ക്കിങ് ഏരിയകള്‍, വീടുകള്‍, മാളുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ബൈക്ക് മോഷ്ടിക്കാറുള്ളത്.
ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (BMTC) ബസുകളില്‍ യാത്ര ചെയ്ത് ബസ് സ്റ്റോപ്പുകളില്‍ ഇറങ്ങി പാര്‍ക്കിങ് സ്ഥലങ്ങളിലെ ബൈക്കുകള്‍ മോഷ്ടിക്കലാണ് പതിവ്. ഏപ്രില്‍ ആറിന് റിപ്പോര്‍ട്ട് ചെയ്ത ബൈക്ക് മോഷണ കേസില്‍ സിസിടിവിയും മറ്റു തെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ ജൂണില്‍ പിടികൂടിയിരുന്നു.ആളില്ലാത്ത വാഹനങ്ങള്‍ കണ്ടെത്തി സാധാരണ ഉപകരണങ്ങള്‍ ഉപയോഗിച്ച് ലോക്ക് തകര്‍ത്ത് ആരുടെയും ശ്രദ്ധയില്‍പ്പെടാതെയാണ് പ്രതി ബൈക്ക് മോഷ്ടിച്ചു കടന്നുകളഞ്ഞിരുന്നത്.
ജൂണ്‍ 24 ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചോദ്യം ചെയ്യലില്‍ താന്‍ നിരവധി ബൈക്കുകള്‍ മോഷ്ടിച്ച വിവരം പ്രതി സമ്മതിച്ചു.ഇവയില്‍ 11 ബൈക്കുകള്‍ വില്‍പ്പന നടത്തിയെന്നും ബാക്കിയുള്ളവ വില്‍ക്കാനുള്ള തയ്യാറെടുപ്പിലാണെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഒറ്റയ്ക്കാണ് ഇത്രയും നാള്‍ രവി കുമാര്‍ മോഷണം നടത്തിയിരുന്നത്. മോഷ്ടിച്ച ബൈക്ക് വിറ്റ് കിട്ടുന്ന തുകയുടെ ഭൂരിഭാഗവും വസ്ത്രം, യാത്ര, ഗാഡ്ജറ്റുകള്‍ തുടങ്ങിയവ വാങ്ങുന്നതിനൊക്കെയാണ് രവികുമാര്‍ ചെലവഴിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. രവി കുമാറിന് സ്വന്തം നാട്ടില്‍ ഭാര്യയും മകളുമുണ്ടെന്നും ഇവര്‍ കൂലിപ്പണി ചെയ്താണ് ജീവിക്കുന്നതെന്നും പൊലീസ് പറഞ്ഞു.