രണ്ട് യുവാക്കളെ മയക്കുമരുന്ന് കേസിൽ കുടുക്കിയതിന് നാല് ബെംഗളൂരു പോലീസുകാരെ ഞായറാഴ്ച സസ്പെൻഡ് ചെയ്തു. പോലീസിനെ തെറ്റിദ്ധരിപ്പിച്ച കുറ്റത്തിന് ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് വിവരദാതാക്കളും അറസ്റ്റിലായിട്ടുണ്ട്.
സബ് ഇൻസ്പെക്ടർ ശ്രീധർ ഗുഗ്രി, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ എസ് കെ രാജു, കോൺസ്റ്റബിൾമാരായ സതീഷ് ബഗലി, തിമ്മണ്ണ പൂജാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ഇവരെല്ലാം ബനശങ്കരി പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടവരാണ്.
ആഗസ്റ്റ് 9ന് കദിരേനഹള്ളിയിലെ സിമൻ്റ് റോഡിന് സമീപം മയക്കുമരുന്ന് കടത്തുകയായിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിയിൽ നിന്ന് 400 ഗ്രാമിലധികം കറുപ്പ് പിടികൂടിയതായി പോലീസ് അവകാശപ്പെട്ടു.
എന്നാൽ, തങ്ങളെ കള്ളക്കേസിൽ കുടുക്കിയതാണെന്നും ഇതിൽ രാജൻ്റെ പങ്ക് സംശയിക്കുന്നതായും കാണിച്ച് പ്രതികളുടെ കുടുംബാംഗങ്ങൾ പോലീസിനെ സമീപിച്ചു. സിറ്റി പോലീസ് കമ്മീഷണർ ബി ദയാനന്ദയ്ക്ക് പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണത്തിന് സുബ്രഹ്മണ്യപുര എസിപി ഗിരീഷിനോട് നിർദ്ദേശിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസിന് വിവരം നൽകിയ രാജൻ പോലീസിന് തെറ്റായ വിവരങ്ങൾ നൽകിയതായി കണ്ടെത്തി. ഈ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ നാല് ഉദ്യോഗസ്ഥരെ പോലീസ് സസ്‌പെൻഡ് ചെയ്തു.
കള്ളക്കേസിൽ കുടുക്കിയ ഇരുവരുമായി രാജന് വ്യക്തിപരമായ ശത്രുതയുണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കൃത്യമായ അന്വേഷണം നടത്താതെയാണ് പോലീസ് അറസ്റ്റും നടത്തിയത്.