ബെംഗളൂരു: മദ്യപിച്ച് വാഹനം ഓടിച്ച 36 സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ബെംഗളൂരുവിലാണ് ഞെട്ടിക്കുന്ന സംഭവം. ബെംഗളൂരു സിറ്റി വെസ്റ്റ് ഡിവിഷൻ പൊലീസ് വെള്ളിയാഴ്‌ച രാവിലെ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് മദ്യപിച്ച് വാഹനമോടിച്ച 36 സ്‌കൂൾ ബസ് ഡ്രൈവർമാര്‍ അറസ്റ്റിലായത്. ഹലസുരു ഗേറ്റ്, അശോക് നഗർ, സദാശിവനഗർ, ബ്യാതരായണപുര, മാഗഡി റോഡ് എന്നിവയുൾപ്പെടെ 15 പൊലീസ് സ്റ്റേഷൻ പരിധികളിലായിരുന്നു മിന്നല്‍ പരിശോധന.രാവിലെ 7.30 നും 9 നും ഇടയിൽ പരിശോധന നടത്തിയതായി പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനും സ്‌കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഓപ്പറേഷൻ നടത്തിയത്. രണ്ട് മണിക്കൂർ നീണ്ടുനിന്ന ഓപ്പറേഷനിൽ, ഏകദേശം 5,881 സ്‌കൂൾ ബസ് ഡ്രൈവർമാരെ പൊലീസ് പരിശോധിച്ചു, അതിൽ 36 പേർ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായി.ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. 36 ഡ്രൈവര്‍മാരുടെയും ലൈസൻസുകൾ റദ്ദാക്കാൻ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി.
മദ്യപിച്ച് വാഹനമോടിച്ചെന്ന് കണ്ടെത്തിയ ഡ്രൈവർമാർക്കെതിരെ പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും അവരുടെ ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കാൻ ശുപാർശ ചെയ്‌ത് റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസിന് (ആർടിഒ) കത്തെഴുതുകയും ചെയ്‌തു. ഈ ഡ്രൈവർമാരെ നിയമിച്ച സ്‌കൂളുകൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
കർശന നടപടി തുടരുമെന്ന് ഡിസിപി: വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്താൻ ഇത്തരം ഓപ്പറേഷൻ തുടരുമെന്ന് ഡിസിപി (ട്രാഫിക് – വെസ്റ്റ് ഡിവിഷൻ) ഡിസിപി അനൂപ് ഷെട്ടി അഭിപ്രായപ്പെട്ടു. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്നും ഇത്തരം കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.“ജോയിൻ്റ് പൊലീസ് കമ്മിഷണറുടെ (ട്രാഫിക്) നിർദേശപ്രകാരം, മദ്യപിച്ച് വാഹനമോടിച്ചതിന് സ്‌കൂൾ ബസ് ഡ്രൈവർമാരെ പരിശോധിക്കുന്നതിനായി ഒരു പ്രത്യേക ഡ്രൈവ് നടത്തി.
നിരവധി പേർ മദ്യപിച്ച് വാഹനമോടിച്ചതായി കണ്ടെത്തി. അവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്, കൂടാതെ അവരുടെ ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കാൻ ആർടിഒയ്ക്ക് കത്തുകൾ അയച്ചിട്ടുണ്ട്.”സ്‌കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്‌കൂൾ വാഹന ഡ്രൈവർമാരിൽ ഉത്തരവാദിത്തബോധം വളർത്തുന്നതിനും ഇത്തരം പ്രത്യേക പരിശോധനകൾ പതിവായി തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവിയിൽ ഇത്തരം അപകടകരവും അശ്രദ്ധവുമായ പെരുമാറ്റം തടയുന്നതിന് സ്‌കൂൾ മാനേജ്‌മെൻ്റുകൾ അവരുടെ ഡ്രൈവർമാർക്ക് പശ്ചാത്തല പരിശോധനകളും പതിവ് മെഡിക്കൽ പരിശോധനകളും നടത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ സ്‌കൂള്‍ അധികൃതര്‍ കുറ്റക്കാരാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.