ബെംഗളൂരു: നഗരത്തിൽ ഉപയോഗത്തിലുള്ള 34 ലക്ഷം വാഹനങ്ങൾ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ളത്. ഇതിൽ 21 ലക്ഷം ഇരുചക്രവാഹനങ്ങളും ഏഴുലക്ഷം കാറുകളും ആറുലക്ഷം മറ്റു വാഹനങ്ങളുമാണ്. 15 വർഷത്തിൽ കൂടുതൽ കാലപ്പഴക്കമുള്ള വാഹനങ്ങൾ നിരത്തുകളിൽനിന്ന് ഒഴിവാക്കാൻ സർക്കാർ പുതിയനയം കൊണ്ടുവന്നിട്ടും ആളുകൾ പഴയവാഹനങ്ങൾ ഉപയോഗിക്കുന്നത് തുടരുകയാണ്. പഴയവാഹനങ്ങൾ പൊളിച്ചുവിൽക്കുന്നതിനുള്ള കേന്ദ്രങ്ങൾ ആരംഭിച്ചിട്ടും ഒട്ടുമിക്കവരും 15 വർഷത്തിനുശേഷവും രജിസ്‌ട്രേഷൻ പുതുക്കി വാഹനങ്ങൾ തുടർന്ന് ഉപയോഗിക്കാനാണ് താത്പര്യപ്പെടുന്നത്. 15 വർഷമായ വാഹനങ്ങൾ ഉപേക്ഷിച്ച് പുതിയ വാഹനങ്ങൾ വാങ്ങുന്നവർക്ക് നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിന് കാര്യമായ മാറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.