Home Featured കർണാടകയിൽ ഒറ്റദിവസം വാഹനാപകടങ്ങളിൽ മരിച്ചത് 33 പേർ

കർണാടകയിൽ ഒറ്റദിവസം വാഹനാപകടങ്ങളിൽ മരിച്ചത് 33 പേർ

by admin

ബെംഗളൂരു: കർണാടകത്തിൽ ഒറ്റ ദിവസംകൊണ്ട് 29 വാഹനാപകടങ്ങളിലായി പൊലിഞ്ഞത് 33 ജീവൻ. തിങ്കളാഴ്ച രാവിലെ ആറുമുതൽ ചൊവ്വാഴ്ചരാവിലെ ആറുവരെയുള്ള കണക്കാണിത്. ഇരുചക്ര വാഹനാപകടങ്ങളാണ് കൂടുതൽ. 21 അപകടങ്ങളാണ് ഇരുചക്രവാഹനങ്ങൾമൂലമുണ്ടായത്. ഒറ്റ ദിവസംകൊണ്ട് 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഡി.ജി.പി.യുടെ കൺട്രോൾറൂമിൽനിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു.

ട്രാഫിക് ആൻഡ് റോഡ് സുരക്ഷാ എ.ഡി.ജി.പി. അലോക് കുമാറാണ് ഈ വിവരങ്ങൾ ട്വിറ്ററിൽ ഷെയർ ചെയ്തത്. ബെംഗളൂരു, ബെംഗളൂരു റൂറൽ എന്നിവിടങ്ങളിൽ മൂന്ന് ബൈക്ക് അപകടങ്ങളിലായി മൂന്നുപേർ മരിച്ചു. ചിത്രദുർഗയിലെ ഭരമസാഗരയിലാണ് അപകടത്തിൽ ഏറ്റവുംകൂടുതൽപേർ മരിച്ചത്. ഇവിടെ കാറുംലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഏറ്റവുംകൂടുതൽ പേർക്ക് പരിക്കേറ്റത് ചിക്കബെല്ലാപുരയിലെ ഗൗരിബിദനൂരിലാണ്. ഇവിടെ സ്വകാര്യബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 14 പേർക്ക് പരിക്കേറ്റു. വാഹനമോടിക്കുമ്പോൾ ഗതാഗതനിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അലോക് കുമാർ ആവശ്യപ്പെട്ടു.

ബെംഗളൂരു സർവകലാശാലയ്ക്ക് അഭിമാനനേട്ടം

ബെംഗളൂരു: ബെംഗളൂരു സർവകലാശാലയ്ക്ക് നാഷണൽ അസെസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) എ പ്ലസ് പ്ലസ് ഗ്രേഡ് ലഭിച്ചു. 3.75 ഗ്രേഡ് പോയന്റോടെയാണ് ഈ നേട്ടം. ഈ നേട്ടം കൈവരിക്കുന്ന കർണാടകത്തിലെ ആദ്യ സർവകലാശാലയായി ബെംഗളൂരു സർവകലാശാല. കഴിഞ്ഞ മൂന്നുതവണയും ബെംഗളൂരു സർവകലാശാലയ്ക്ക് എ ഗ്രേഡാണ് ലഭിച്ചത്. എ പ്ലസ് പ്ലസ് ഗ്രേഡ് ലഭിച്ചതോടെ യു.ജി.സി.യിൽനിന്ന് വിവിധ ആനുകൂല്യങ്ങൾ സർവകലാശാലക്ക് ലഭിക്കും. ഓൺലൈൻ കോഴ്‌സ്, ഇന്ത്യയിലും പുറത്തും ഓഫ് ക്യാമ്പസ് സെന്റർ സ്ഥാപിക്കാനുള്ള അനുമതി, സെന്റർസ് ഓഫ് എക്സലൻസിന് അപേക്ഷ, വിദൂര വിദ്യാഭ്യാസം തുടങ്ങിയ ആനുകൂല്യങ്ങളാണ് ലഭിക്കുക.

പേറ്റന്റ്, ഗവേഷണ പ്രസിദ്ധീകരണങ്ങൾ, ഡിജിറ്റൽ ഇവാല്യുവേഷൻ, ബിരുദ-ബിരുദാനന്തര കോഴ്‌സുകൾക്ക് ചോയ്‌സ് ബേസ്ഡ് ക്രഡിറ്റ് സിസ്റ്റം, കൂടുതൽ അധ്യാപക സൗകര്യം തുടങ്ങിയവ പരിഗണിച്ചാണ് ഈ പുരസ്കാരം ലഭിച്ചതെന്ന് വൈസ് ചാൻസലർ ഡോ. എസ്.എം. ജയകര പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group