ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് നയിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 33 മരണം. മരിച്ചവരിൽ ആറ് കുട്ടികളും 10 സ്ത്രീകളും ഒമ്പത് പുരുഷന്മാരും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. 40 പേർ അതീവ ഗുരുതരാവസ്ഥയിലാണ്. കുഴഞ്ഞുവീണ മൂന്ന് കുട്ടികളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ.തമിഴ്‌നാട്ടിലെ കരൂരിലായിരുന്നു ശനിയാഴ്ച വിജയ്യുടെ റാലി നടന്നത്. വൻ ജനാവലിയാണ് റാലിയിൽ പങ്കെടുക്കാനെത്തിയത്. ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ നിരവധി പേരാണ് അപകടത്തിൽ പെട്ടത്. പലരും ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
തിക്കിലും തിരക്കിലും പെട്ട് പലരും കുഴഞ്ഞുവീഴുന്നത് ശ്രദ്ധയിൽ പെട്ടതോടെ പ്രസംഗത്തിനിടെ വിജയ് ടി.വി.കെ നേതാക്കളോട് ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെടുന്നത് കാണാമായിരുന്നു. വിജയ് ഇടക്ക് ആൾക്കൂട്ടത്തിലേക്ക് വെള്ളക്കുപ്പികളും എറിഞ്ഞു കൊടുത്തിരുന്നു. ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ പൊലീസിന്റെ സഹായം അഭ്യർഥിച്ച വിജയ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.അതേസമയം, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കരൂരിലേക്ക് തിരിച്ചു. മുൻ മന്ത്രി സെന്തിൽ ബാലാജി കരൂർ ആശുപത്രിയിലെത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ക്രമസമാധന ചുമതലയുള്ള എ.ഡി.ജിപിയും കരൂരിലെത്തിയിട്ടുണ്ട്. സംഭവത്തിൽ വിജയ്ക്കെതിരെ കേസെടുക്കാനാണ് സാധ്യത.