യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി രണ്ടുദിവസം മൃതദേഹത്തിനൊപ്പം വീട്ടില്‍ കഴിഞ്ഞ് യുവാവ്. മധ്യപ്രദേശിലെ ഭോപാല്‍ ഗായത്രി നഗറിലാണ് നടുക്കുന്ന സംഭവം.ഭോപാലിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ റിതിക സെൻ(29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ ലിവ് ഇൻ പങ്കാളിയായ സച്ചിൻ രാജ്പുത്തി(32)നെ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ വെള്ളിയാഴ്ച നടന്ന കൊലപാതകം തിങ്കളാഴ്ചയാണ് പുറംലോകമറിയുന്നത്. മദ്യലഹരിയില്‍ പ്രതിതന്നെയാണ് കൊലപാതകത്തെക്കുറിച്ച് സുഹൃത്തിനോട് വെളിപ്പെടുത്തിയത്. തുടർന്ന് സുഹൃത്ത് പോലീസിനെ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തുകയുമായിരുന്നു.
റിതികയും സച്ചിനും മൂന്നരവർഷമായി ലിവിങ് ടുഗെദറിലാണെന്ന് പോലീസ് പറഞ്ഞു. വിദിഷ സ്വദേശിയായ സച്ചിൻ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. എന്നാല്‍, ഭോപാലില്‍ റിതികയ്ക്കൊപ്പമായിരുന്നു ഇയാളുടെ താമസം. ഒമ്ബതുമാസം മുമ്ബാണ് സച്ചിനും റിതികയും ഗായത്രി നഗറിലെ വീട്ടിലേക്ക് താമസംമാറിയതെന്നും പോലീസ് പറഞ്ഞു.ഭോപാലിലെ സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്നു റിതിക. എന്നാല്‍, സച്ചിന് ജോലിയുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് ഇയാള്‍ക്ക് അപകർഷബോധവും റിതികയോട് അസൂയയും ഉണ്ടായിരുന്നു. മാത്രമല്ല, ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥനുമായി റിതികയ്ക്ക് അടുപ്പമുണ്ടെന്നും സച്ചിൻ സംശയിച്ചു.
വെള്ളിയാഴ്ച രാത്രി ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇതിനുപിന്നാലെയാണ് പ്രതി യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.കൃത്യം നടത്തിയതിന് ശേഷം രണ്ടുദിവസമാണ് പ്രതി മൃതദേഹത്തിനൊപ്പം വീട്ടില്‍ കഴിച്ചുകൂട്ടിയത്. യുവതി മരിച്ചെന്ന് ഉറപ്പായതോടെ ഇയാള്‍ മൃതദേഹം പുതപ്പ് കൊണ്ട് പൊതിഞ്ഞ് കട്ടിലില്‍ കിടത്തി. തുടർന്ന് രണ്ടുദിവസവും ഇയാള്‍ ഇതേ മുറിയില്‍ തന്നെയായിരുന്നു. ഈ സമയത്ത് അമിതമായി മദ്യപിക്കുകയും മൃതദേഹത്തിനൊപ്പം അതേ കട്ടിലില്‍ കിടന്നുറങ്ങുകയുംചെയ്തു.
തുടർന്ന് ഞായറാഴ്ച രാത്രിയോടെയാണ് മദ്യലഹരിയില്‍ പ്രതി സുഹൃത്തായ അനൂജിനെ ഫോണില്‍വിളിച്ച് കൊലപാതകവിവരം ആദ്യം വെളിപ്പെടുത്തിയത്. പക്ഷേ, അനൂജ് ഇക്കാര്യം ആദ്യം വിശ്വസിച്ചില്ല. എന്നാല്‍, സച്ചിൻ നിരന്തരം ഫോണില്‍ വിളിച്ച് കാര്യം ആവർത്തിച്ചതോടെ അനൂജ് പോലീസില്‍ വിവരമറിയിച്ചു. തുടർന്ന് തിങ്കളാഴ്ച വൈകീട്ടോടെയാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്.വീട്ടിലെത്തിയപ്പോള്‍ അഴുകിയനിലയിലുള്ള മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞനിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.