ബംഗളൂരു: ബസ് ചാർജ് 25-30 ശതമാനം വർധിപ്പിക്കാൻ കെ.എസ്.ആർ.ടി.സി സർക്കാർ അനുമതി തേടി. മാനേജിങ് ഡയറക്ടർ വി. അംബുകുമാർ ഇതുസംബന്ധിച്ച നിർദേശങ്ങള്‍ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കൈമാറി.
ഇന്ധനം, സ്പെയർപാർട്സ്, അറ്റകുറ്റപ്പണി ചെലവുകളിലുണ്ടായ വൻ വർധന എന്നിവയാണ് നിരക്ക് കൂട്ടാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. 2020ലാണ് ഒടുവില്‍ നിരക്ക് വർധിപ്പിച്ചത്. അന്ന് ലിറ്ററിന് 61 രൂപയായിരുന്ന ഡീസലിന്റെ വില 90 രൂപയായി.
വരുമാനത്തിന്റെ 45 ശതമാനവും ഡീസലടിക്കാൻ ചെലവാകുകയാണെന്ന് എം.ഡി സർക്കാറിനെ അറിയിച്ചു. നാലുവർഷം മുമ്ബ് ഡീസലിന് മൂന്ന് കോടി രൂപ ചെലവാക്കിയത് അഞ്ചു കോടിയായി ഉയർന്നു. ‘ശക്തി’പദ്ധതിയിലൂടെ കർണാടകയില്‍ സ്ത്രീകള്‍ക്ക് യാത്ര സമ്ബൂർണ സൗജന്യമാക്കിയതിന് സംസ്ഥാന സർക്കാർ പ്രത്യേക ഗ്രാന്റ് അനുവദിച്ചിട്ടില്ല. പുതിയ ബസുകള്‍ വാങ്ങല്‍, ജീവനക്കാരുടെ വേതന വർധന, കൂടുതല്‍ ബസ് സ്റ്റേഷൻ നിർമാണം തുടങ്ങിയവക്കും പണം അനുവദിച്ചില്ല.