തിരുമല: തിരുപ്പതി ക്ഷേത്രത്തില്‍ കുടുംബത്തോടൊപ്പം എത്തിയ മൂന്നുവയസുകാരനെ പുലി ആക്രമിച്ചു. ക്ഷേത്ര നടപ്പാതയില്‍ വച്ചാണ് പുലി കുട്ടിയെ ആക്രമിച്ചത്. ആളുകള്‍ കല്ലെറിഞ്ഞെതിനെ തുടര്‍ന്ന് പുലി കുട്ടിയെ ഉപേക്ഷിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ വൈകീട്ടായിരുന്നു സംഭവം. മുഖത്ത് അടക്കം സാരമായി പരിക്കേറ്റ മൂന്ന് വയസുകാരനെ അമരാവതിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുപ്പതി ദര്‍ശനത്തിനിടെ വിശ്രമിക്കുന്നതിനായി സമീപത്തുളള ഹനുമാന്‍ പ്രതിമയ്ക്കരികില്‍ ഇരിക്കുകയായിരുന്നു കുടുംബം. അല്‍പം മാറിയിരുന്ന് കുട്ടി കളിക്കുന്നതിനിടെ കാട്ടില്‍ നിന്ന് പുലി ചാടിവീഴുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് ഓടുകയായിരുന്നു. തുടര്‍ന്ന് ഭക്തരും സുരക്ഷ ഉദ്യോഗസ്ഥരും ബഹളം വയ്ക്കുകയും കല്ലെടുത്ത് എറിയുകയും ചെയ്തതോടെ കുട്ടിയെ ഉപേക്ഷിച്ച് പുലി കാട്ടില്‍ മറയുകയായിരുന്നു.