ബെംഗളൂരു: ഹെല്‍മെറ്റ് ധരിക്കാത്തതിന് പൊലീസ് തടഞ്ഞ വാഹനത്തില്‍ നിന്ന് വീണ മൂന്നുവയസുകാരിക്ക് ലോറി ദേഹത്ത് കയറി ദാരുണാന്ത്യം.ബെംഗളൂരുവില്‍ നായയുടെ കടിയേറ്റ കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന അമ്മയെയും ഭര്‍തൃസഹോദരനെയും ഹെല്‍മെറ്റ് വയ്ക്കാത്തതിന് പൊലീസ് തടഞ്ഞെന്നും വാഹനത്തില്‍ പിടിച്ചുലച്ചപ്പോള്‍ കുട്ടി നിലത്തുവീണെന്നും പിന്നാലെ വന്ന ലോറി കയറി മരിച്ചെന്നുമാണ് വീട്ടുകാർ ആരോപിക്കുന്നത്. എന്നാല്‍ പൊലീസ് പറയുന്നത് പരിശോധനയ്ക്കുശേഷം ഇവരെ വിട്ടതിനു പിന്നാലെ അമിതവേഗതയില്‍ വന്ന വാഹനം ബൈക്കിനരികിലൂടെ പോയപ്പോള്‍ കുഞ്ഞ് തെറിച്ചുവീഴുകയും പിന്നാലെ വന്ന ലോറി കുഞ്ഞിന്റെ ദേഹത്തുകൂടെ കയറിയിറങ്ങുകയുമായിരുന്നു എന്നാണ്.
കര്‍ണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. ഇതോടെ മാണ്ഡ്യയില്‍ നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് സംഭവവുമായി ബന്ധപ്പെട്ട മൂന്ന് എഎസ്‌ഐമാരെ മാണ്ഡ്യ ജില്ലാ പൊലീസ് സൂപ്രണ്ട് മല്ലികാര്‍ജ്ജുന്‍ ബല്‍ദണ്ടി സസ്‌പെന്‍ഡ് ചെയ്തു.നായ കടിച്ചതിനെ തുടര്‍ന്നാണ് ഹൃഷിക എന്ന മൂന്നുവയസുകാരിയെ അടിയന്തര ചികിത്സയ്ക്കായി മാതാവ് വാണിയും ഭര്‍തൃസഹോദരനും മദ്ദൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. അവിടെനിന്നും മാണ്ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് പോകുന്നതുവഴി പഴയ ബെംഗളൂരു-മൈസൂരു ഹൈവേയിലെ സ്വര്‍ണസന്ദ്രയ്ക്ക് സമീപം വാഹന പരിശോധനക്കിടെ പൊലീസ് ഇവരെ തടയുകയായിരുന്നു. ഇതിനുപിന്നാലെയാണ് അനിഷ്ട സംഭവങ്ങളുണ്ടായത്.
വാഹനം തടഞ്ഞത് ചോദ്യംചെയ്തതോടെ നാട്ടുകാര്‍ വിഷയത്തില്‍ ഇടപെട്ടു. ഇതോടെ ഇവരെ പോകാന്‍ അനുവദിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഈ സമയം അമിതവേഗതയിലെത്തിയ മറ്റൊരു വാഹനം ബൈക്കിന് സമീപത്തുകൂടെ കടന്നുപോയപ്പോള്‍ കുട്ടി തെറിച്ചുവീഴുകയായിരുന്നു. പിന്നിലൂടെ വന്ന ലോറി കുഞ്ഞിന്റെ ദേഹത്തുകൂടെ കയറുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. അമിത രക്തസ്രാവം മൂലം സംഭവസ്ഥലത്തുവെച്ച് തന്നെ കുട്ടി മരിച്ചു. ഇതോടെ മാതാപിതാക്കളും നാട്ടുകാരും നീതി ആവശ്യപ്പെട്ട് കുഞ്ഞിന്റെ മൃതദേഹവുമായി സ്ഥലത്ത് പ്രതിഷേധിച്ചു. ജനരോഷം പ്രദേശത്ത് മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിന് വഴിവെച്ചു. മൂന്ന് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തെന്ന് എസ്പി അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്.