ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ തലവേദനയായ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്ന് തുടരുകയാണ്.ബെംഗളൂരുവിൻ്റെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരമാക്കാൻ നിർമാണത്തിലിരിക്കുന്ന 12 പാലങ്ങളില്‍ 10 പാലങ്ങള്‍ ഈ വർഷം പൂർത്തിയാകും. ബെംഗളൂരു നഗരത്തിലെ 12 ഫ്ലൈ ഓവറുകള്‍, പാലങ്ങള്‍, അണ്ടർപാസുകള്‍ എന്നിവയില്‍ 10 എണ്ണത്തിന്റെ പണി 2026 ല്‍ പൂർത്തിയാകുമെന്ന് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) അവകാശപ്പെട്ടു.ബെംഗളൂരുവിൻ്റെ വികസനത്തിന് വേഗം പകരാൻ 2020 മുതല്‍ ആരംഭിച്ച പല പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.
ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസവും ചെലവുമാണ് പല പദ്ധതികളും വൈകിപ്പിച്ചത്. ഈ സാഹചര്യം തുടരുന്നതിനിടെയാണ് 10 പാലങ്ങള്‍ ഈ വർഷം തുറക്കാനൊരുങ്ങുന്നത്. സംസ്ഥാന നിയമസഭയില്‍ സമർപ്പിച്ച രേഖാമൂലമുള്ള മറുപടിയിലാണ് ജിബിഎ ഇക്കാര്യം വ്യക്തമാക്കിയത്.12 പദ്ധതികളില്‍ നാലെണ്ണമെങ്കിലും വൈകാൻ കാരണം ഭൂമി ഏറ്റെടുക്കുന്നതിലെ പ്രശ്നങ്ങളാണെന്ന് ജിബിഎ വ്യക്തമാക്കി. മുടങ്ങിക്കിടക്കുന്ന പല പദ്ധതികള്‍ 2026ല്‍ പൂർത്തിയാകുമെന്ന ജിബിഎയുടെ അവകാശവാദത്തില്‍ എഞ്ചിനീയർമാർക്കും പൊതുജനങ്ങള്‍ക്കും സംശയമുണ്ട്. അനുമതികള്‍ കൃത്യസമയത്ത് ലഭിക്കുകയും ജോലികള്‍ നിശ്ചിത സമയക്രമത്തില്‍ നടക്കുകയും ചെയ്താല്‍ മാത്രമേ പൂർത്തീകരണം സാധ്യമാകൂ.എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ പലപ്പോഴും വൈകുന്നു. ചെലവ് വർധനവിന് പുതിയ അനുമതികള്‍ ആവശ്യമായി വരുന്നു. ഇതൊന്നും കൃത്യസമയത്ത് നടക്കുന്നില്ലെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.