ബെംഗളൂരു: ബി.എം.ടി.സി., കർണാടക ആർ.ടി.സി. ബസുകളിൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കുമെന്ന് അധികൃതർ. നേരത്തേ ബസുകളിൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായ പ്രചാരണമുണ്ടായിരുന്നു. ബി.എം.ടി.സി. ബസുകളിൽ രണ്ടായിരംരൂപ സ്വീകരിക്കരുതെന്ന് ഉത്തരവിറക്കിയിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ബി.എം.ടി.സി. അധികൃതർ വ്യക്തമാക്കി.
നേരത്തേ ചില തെറ്റിദ്ധാരണകളുണ്ടായതിനെത്തുടർന്ന് ഹൊസ്‌കോട്ടെ ഡിപ്പോ 2000 നോട്ടുകൾ സ്വീകരിക്കേണ്ടന്ന് ജീവനക്കാരോട് നിർദേശിച്ചിരുന്നു. പിന്നീട് ഈ നിർദേശം പിൻവലിച്ചു. നിലവിൽ ബി.എം.ടി.സി.യുടെ എല്ലാ ബസുകളിലും 2000 രൂപനോട്ടുകൾ സ്വീകരിക്കും. കർണാടക ആർ.ടി.സി. ബസുകളിൽ 2000 രൂപ നോട്ടുകൾക്ക് വിലക്കില്ലെന്ന് കർണാടക ആർ.ടി.സി. സെൻട്രൽ ഓഫീസും അറിയിച്ചു.
അതേസമയം, നഗരത്തിലെ പെട്രോൾ പമ്പുകളിലും ഭക്ഷണശാലകളിലും 2000 നോട്ടുകൾ സ്വീകരിക്കുന്നില്ല. പല പെട്രോൾ പമ്പുകളിലും നോട്ടുകൾ സ്വീകരിക്കില്ലെന്ന് എഴുതിവെച്ചിട്ടുണ്ട്.
ബന്നാർഘട്ട ദേശീയോദ്യാനത്തിൽ ആദിവാസിസ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു
ബെംഗളൂരു: ബെംഗളൂരുവിലെ ബന്നാർഘട്ട ദേശീയോദ്യാനത്തിൽ ആദിവാസിസ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. പ്രദേശത്തെ ഹക്കി പിക്കി ആദിവാസി വിഭാഗത്തിന്റെ കോളനിയിൽ താമസിക്കുന്ന നാഗമ്മ (45) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം.
ബന്നാർഘട്ട ജൈവോദ്യാനത്തിന്റെ ഭാഗമായ വനത്തിലാണ് നാഗമ്മയെ കാട്ടാന ആക്രമിച്ചത്. ഹക്കി പിക്കി വിഭാഗക്കാരെ വനംവകുപ്പ് ഉദ്യാനത്തിൽ ജോലിക്ക് നിയോഗിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നാഗമ്മയുടെ മകൻ കുമാര ഇവിടെ വാച്ചറായി ജോലി ചെയ്യുകയാണ്. രാത്രിയിൽ കാട്ടാനകളെ നിരീക്ഷിക്കുകയാണ് ജോലി. മകന് ഭക്ഷണവുമായി വരുന്ന വഴിക്കാണ് നാഗമ്മ ആനയുടെ മുമ്പിൽപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നാഗമ്മയോടൊപ്പം നാലുപേരുണ്ടായിരുന്നു. അവർ ഓടി രക്ഷപ്പെട്ടു. നാഗമ്മയുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും അറിയിച്ചു.