Home Featured ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം: അസഫാക് ആലം കുറ്റക്കാരന്‍; 16 കുറ്റങ്ങളും തെളിഞ്ഞു; വിധി വ്യാഴാഴ്ച

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം: അസഫാക് ആലം കുറ്റക്കാരന്‍; 16 കുറ്റങ്ങളും തെളിഞ്ഞു; വിധി വ്യാഴാഴ്ച

by admin

കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസഫാക് ആലം കുറ്റക്കാരനെന്ന് കോടതി. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിയ്ക്ക് ശിക്ഷ നവംബര്‍ ഒന്‍പത്, വ്യാഴാഴ്ച വിധിക്കും.

പ്രതിയ്‌ക്കെതിരേ ചുമത്തിയ എല്ലാകുറ്റങ്ങളും തെളിഞ്ഞതായി കോടതി കണ്ടെത്തി. പ്രതിയുടെ മാനസികനില പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 16 വകുപ്പുകളാണ് അസഫാക് ആലത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് അടക്കമാണ് ചുമത്തിയിരിക്കുന്നത്. കൊലപാതകം, ബലാത്സംഗം ഉള്‍പ്പെടെ പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞെന്നാണ് കോടതി വിധി പ്രസ്താവത്തില്‍ വ്യക്തമാക്കിയത്.

പ്രതിയുടെ മാനസാന്തര സാധ്യത പരിശോധിക്കണം എന്ന് പ്രതിഭാഗം വാദിച്ചു. 100 ദിവസത്തില്‍ താഴെ ആയതിനാല്‍ പ്രസ്തുത റിപ്പോര്‍ട്ട് ആവശ്യമില്ല എന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. പ്രതിയ്ക്ക് ഒരു മാനസിക പ്രശ്‌നവും ഇല്ല. നൂറ് ദിവസവും പ്രതിയില്‍ ഒരു മാറ്റവും ഉണ്ടാക്കിയില്ല. പ്രതി ജയിലിലായിരുന്ന നൂറുദിവസത്തെ മാനസികാരോഗ്യ റിപ്പോര്‍ട്ട് ജയില്‍ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. സമാനതകളില്ലാത്ത ക്രൂരതയാണ് ചെയ്തിരിക്കുന്നത്. പ്രതി പരമാവധി ശിക്ഷ അര്‍ഹിക്കുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഒരു മാനസാന്തരവും പ്രതിയുടെ ഭാഗത്തുണ്ടായിട്ടില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ടശേഷമാണ് കേസിലെ ശിക്ഷാവിധി നവംബര്‍ ഒന്‍പതിന് പ്രസ്താവിക്കുമെന്ന് കോടതി വ്യക്തമാക്കിയത്.

അസഫാക് ആലത്തിന് വധശിക്ഷ തന്നെ നല്‍കണമെന്ന് കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. സര്‍ക്കാരടക്കം എല്ലാവരും ഒപ്പം നിന്നു എന്നും കുടുംബം പ്രതികരിച്ചു. കോടതി വിധിയില്‍ സന്തോഷമെന്നും പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയതില്‍ നന്ദിയെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group